ബാറ്റ്സ്മാൻമാരെ റണ്ണൗട്ടാക്കാൻ മഹേന്ദ്ര സിങ് ധോണി വ്യത്യസ്ഥ പരിക്ഷണങ്ങൾ നടത്തുന്നത് നാം കണ്ടിട്ടുണ്ട്.​ എന്നാൽ ധോണി സ്റ്റൈലിനെ അനുകരിച്ച് ഒരു ശ്രമം നടത്തിയിരിക്കുകയാണ് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയയുടെ അവസാന ബാറ്റ്‌സ്മാന്‍ ഹസില്‍വുഡിനെയാണ് ജഡേജ അത്ഭുതകരമായ ഒരു റണ്ണൗട്ടില്‍ കുടുക്കിയത്.

ലെഡ് സൈഡിൽ മുട്ടിയിട്ട് റൺസിനായി ഓടിയതാണ് ഹസിൽവുഡിന്റെ കുറ്റി തെറിക്കാൻ കാരണമായത്. പന്ത് കൈയ്യിൽ കിട്ടിയ ലോകേഷ് രാഹുൽ അത് വേഗത്തിൽ ജഡേജയ്‌ക്ക് കൈമാറുകയായിരുന്നു. ക്രീസിന് പുറത്ത് നിന്നും പന്തേറ്റു വാങ്ങിയ ജഡേജ അത്ഭുതകരമായ രീതിയിൽ പന്ത് സ്റ്റംപിനെ ലക്ഷ്യമാക്കി പിന്നിലേക്ക് എറിയുകയായിരുന്നു. ഹസിൽവുഡിന്റെ ബാറ്റ് ക്രീസ് തൊടുന്നതിന് മുൻപ് കുറ്റി തെറിച്ചു. ഇതോടെ പൂജ്യനായി ഓസീസ് താരം മടങ്ങി. ഹസിൽവുഡിനെ കൂട്ടുപിടിച്ച് ഇരട്ട സെഞ്ചുറി തികയ്ക്കാമെന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ മോഹവും ഇതോടെ തകർന്നടിഞ്ഞു.

ധോണിയുടെ നാടായ റാഞ്ചിയിലെ മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രിയങ്കരനായ ജഡേജയുടെ പ്രകടനമെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ