പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നാലാം ദിനം കളി അവസാനിക്കുമ്പോൾ 112 റൺസിന് അഞ്ച് വിക്കറ്റുകൾ എന്ന നിലയിലായിരുന്നു. കളിയുടെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയമുറപ്പിക്കാൻ 175 റൺസ് കൂടി വേണം.

24 റൺസ് നേടിയ ഹനുമ വിഹാരിയും 9 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഇരുവരും പുറത്തായാൽ പിന്നെ ക്രീസിലെത്തുക സ്പെഷ്യലിസ്റ്റ് ബോളർമാരായതിനാൽ ഇന്ത്യയെ വിജയക്കര എത്തിക്കാനുള്ള ഉത്തരവാദിത്വം പന്ത്-വിഹാരി സഖ്യത്തിനാകും.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 243 ന് അവസാനിച്ചിരുന്നു. ഓസ്ട്രേലിയയുടെ ഓവർഓൾ ലീഡ് 286 ആണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 43 റൺസിന്റെ ലീഡാണ് ഓസീസ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ഉസ്മാൻ ഖ്വാജയുടെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയർത്തിയത്. ഖ്വാജ 72 റൺസെടുത്തു. ക്യാപ്റ്റൻ ടിം പെയ്ൻ 37 റൺസും ആരോൺ ഫിഞ്ച് 25 റൺസെടുത്തും പുറത്തായി. മർക്കസ് ഹാരിസ് 20 റൺസെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി ആറു വിക്കറ്റ് വീഴ്ത്തി.

എന്നാൽ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ബോളിങ്ങിന് അനുകൂലമായ പിച്ചിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യ അക്കൗണ്ട് ചെയ്യുന്നതിന് മുമ്പ് ഓപ്പണർ ലോകേഷ് രാഹുൽ പുറത്തായി. പിന്നാലെ നാല് റൺസ് നേടിയ ചേതേശ്വർ പൂജാരയും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

നായകൻ വിരാട് കോഹ്‍ലിക്കും കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ ആകാതെ വന്നതോടെ 48 റൺസിൽ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. 30 റൺസെടുത്ത രഹാനെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഹെയ്സൽ വുഡിന് മുന്നിൽ താരത്തിന്റെ ഇന്നിങ്സ് അവസാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ