ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ ഏകപക്ഷീയമായി വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. ഉച്ചയ്ക്ക് ഒന്നരക്ക് ചെന്നൈയിലാണ് മത്സരം ആരംഭിക്കുക.

ഓപ്പണിങ്ങില്‍ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ശിഖര്‍ ധവാന്‍ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ധവാന്‍റെ അഭാവത്തില്‍ അജിങ്ക്യ രഹാനെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മറുവശത്ത് കഴിഞ്ഞ ആറുമാസം ഓസ്ട്രേലിയക്ക് തിരിച്ചടികളുടെ കാലമായിരുന്നു. ഐസിസി ചാന്പ്യന്‍സ് ട്രോഫിയില്‍ ഒരു ജയം പോലും നേടാനാകാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങി. ധാക്കയില്‍ ബംഗ്ലാദേശിനോട് ടെസ്റ്റിലും തോല്‍വിയറിഞ്ഞു. രണ്ടാം ടെസ്റ്റില്‍ ജയിച്ചെങ്കിലും നാണക്കേട് മായ്ക്കാന്‍ സ്റ്റീവ് സ്മിത്തിനുമായില്ല. എങ്കിലും ഏകദിനത്തില്‍ ഇന്ത്യയും ഓസീസും തുല്യശക്തരാണ്.

സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്‍റെ ഇലവനെ കീഴടക്കാന്‍ ഓസീസിനായി. സന്നാഹ മത്സരത്തിനിടെ പരുക്കേറ്റ ആരോണ്‍ ഫിഞ്ചില്ലാതെയാകും ചെന്നൈയില്‍ കംഗാരുക്കള്‍ ഇറങ്ങുക. ഓള്‍ റൗണ്ടര്‍ പീറ്റര്‍ ഹാന്‍സ്കോമ്പാണ് ഫിഞ്ചിന് പകരക്കാന്‍. എങ്കിലും ആവേശവും വാഗ്വാദവും കളത്തില്‍ കാണാമെന്ന മട്ടിലാണ് ഇന്ത്യയും ഓസീസും.

ഓസീസിനെതിരെ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. 2010-11, 2013-14 സീസണുകളില്‍ ഇന്ത്യ സന്ദര്‍ശിച്ച ഓസ്‌ട്രേലിയ 1-0, 3-2 എന്ന ക്രമത്തിലായിരുന്നു പരമ്പര പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 4-1ന് പരാജയപ്പെട്ടിരുന്നു.

ഈ തോല്‍വിക്ക് സ്വന്തം മണ്ണില്‍ പകരം വീട്ടുക എന്നതാവും കോഹ്‌ലിയുടെയും കൂട്ടരുടെയും ലക്ഷ്യം. 2009-ലാണ് ഓസ്‌ട്രേലിയ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഏകദിന പരമ്പര അവസാനമായി സ്വന്തമാക്കിയത്. അന്ന് 7 മത്സരങ്ങളുടെ പരമ്പര 4-2നാണ് കംഗാരുക്കള്‍ നേടിയത്. എന്നാല്‍ കണക്കുകളില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. ഇന്ത്യയും ഓസ്‌ട്രേലിയയും ഇതുവരെ ഏറ്റുമുട്ടിയത് 123 ഏകദിന മത്സരങ്ങളില്‍. ഓസ്‌ട്രേലിയ 72 എണ്ണം ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് 41 എണ്ണം മാത്രം.

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. രണ്ടു ടീമിനും 117 പോയിന്റാണെങ്കിലും ദശാംശക്കണക്കില്‍ ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്നു. പരമ്പര ഇന്ത്യ ജയിച്ചാല്‍ സ്ഥാനങ്ങള്‍ പരസ്പരം വച്ചുമാറുമെന്നുറപ്പ്. 4-1 മാര്‍ജിനില്‍ ഏതു ടീം ജയിച്ചാലും അവര്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ