എം.എസ്.ധോണിയുടെ ഫോമിനെക്കുറിച്ച് വിമർശിക്കുന്നവർക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോൺ. 2018 ൽ ധോണിയുടെ ഫോമില്ലായ്മയാണ് ലോകകപ്പിൽ താരത്തിന് സ്ഥാനം നൽകേണ്ടതില്ലെന്ന വാദങ്ങൾ ഉയർത്തുന്നത്. അതേസമയം, 2019 ൽ വിമർശനങ്ങൾക്കെല്ലാം ഓരോ എകദിനം കഴിയുന്തോറും ധോണി ബാറ്റിലൂടെ മറുപടി കൊടുക്കുകയാണ്. ഈ വർഷം താൻ കളിച്ച 9 ഏകദിനങ്ങളിൽനിന്നായി 327 റൺസാണ് ധോണി നേടിയത്.

ധോണിയുടെ ഫോമിനെക്കുറിച്ച് ചോദ്യം ചെയ്യുന്നവർ ഒരു ഐഡിയയും ഇല്ലാതെ സംസാരിക്കുകയാണെന്നാണ് ഷെയ്ൻ വോൺ പറഞ്ഞിരിക്കുന്നത്. ”എം.എസ്.ധോണി മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് ടീം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഏത് നമ്പരിലും ഇറങ്ങി കളിക്കാനാകും. ധോണിയെ വിമർശിക്കുന്നവർക്ക് അവർ എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ല. ലോകകപ്പിൽ ഇന്ത്യയ്ക്ക് ധോണിയെ ആവശ്യമാണ്. ധോണിയുടെ അനുഭവ പരിചയം ആവശ്യമാണ്. ധോണിയുടെ ഫീൽഡിലെ നേതൃത്വ കഴിവ് വിരാട് കോഹ്‌ലിയെ ഏറെ സഹായിക്കും,” വോൺ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Read: ‘പാതി നായകൻ ധോണി തന്നെ’; താരത്തിന്റെ അഭാവത്തിൽ കോഹ്‌ലി പരുക്കനാകുന്നു: ഇന്ത്യൻ നായകനെതിരെ മുൻ താരം

ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു ഏകദിനങ്ങളിലും എം.എസ്.ധോണിക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിരുന്നു. ധോണിക്ക് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. പക്ഷേ ധോണിയുടെ അഭാവം നികത്താൻ പന്തിനായില്ല. പല തവണയാണ് പന്ത് വിക്കറ്റ് നേടാനുളള അവസരം കളഞ്ഞത്. ഒരു സമയത്ത് സ്റ്റംപിങ്ങിൽ ധോണി സ്റ്റെൽ കാട്ടാൻ ശ്രമിച്ചെങ്കിലും പന്തിന് പാളി. ഇതോടെ ധോണിയെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആരാധകരുടെ ആവശ്യം ഉയർന്നിട്ടുണ്ട്.

Read: ‘അവനെ വിളി’; പന്ത് പിഴവ് ആവർത്തിച്ചപ്പോൾ ധോണിയെ വിളിയ്ക്കാൻ കോഹ്‌ലിയോട് ആരാധകർ, വീഡിയോ

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ അവസാന ഏകദിനം ഇന്ന് ഡൽഹിയിലാണ്. 5 മത്സരങ്ങളുളള പരമ്പരയിൽ ഇരു ടീമുകളും രണ്ടു മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നു ജയിക്കുന്നവർ പരമ്പര നേടും. ലോകകപ്പിന് മുൻപായുളള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതിനാൽ തന്നെ ജയം എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ