ഹൈദ്രാബാദ്: ഇടങ്കയ്യിൽ ബാറ്റേന്തി ഇന്ത്യയുടെ സൂപ്പർ താരങ്ങൾ. ഇന്നലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുന്നെ നടന്ന പരിശീലനത്തിനിടെയാണ് വിരാട് കോഹ്‌ലി, ധോണി, രോഹിത്ത് ശർമ്മ, ഹർദ്ദിഖ് പാണ്ഡ്യ എന്നിവർ ലെഫ്റ്റ് ഹാൻഡ് ബാറ്റിങ്ങ് പരീക്ഷിച്ചത്. ഇതിന്റെ വീഡോയ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സ്പിൻ ബോളിങ്ങിനെതിരെയാണ് താരങ്ങൾ ബാറ്റ് വീശിയത്.

മഹേന്ദ്ര സിങ് ധോണിയാണ് ആദ്യം ഈ പരീക്ഷണത്തിന് മുതിർന്നത്. ധോണി അനായാസമാണ് പന്ത് നേരിട്ടത്. രണ്ടാം ഊഴം വിരാട് കോഹ്‌ലിയുടേതായിരുന്നു. ലെഫ്റ്റ് ഹാൻഡിൽ തകർപ്പൻ ഒരു സ്ട്രൈറ്റ് സിക്സാണ് കോഹ്‌ലി പറത്തിയത്.

ഹർദ്ദിഖ് പാണ്ഡ്യയുടേതായിരുന്നു അടുത്ത ഊഴം. 3 പന്തുകൾ നേരിട്ട പാണ്ഡ്യ വളരെ വിഷമിച്ചാണ് പന്ത് ബാറ്റിൽ കൊള്ളിച്ചത്.

അവസാനമായി രോഹിത്ത് ശർമ്മയാണ് ഇടങ്കയ്യിൽ ബാറ്റ് ചെയ്തത്. രോഹിത്തും അനായാസമാണ് പന്തിനെ നേരിട്ടത്. കാണികളുടെ വലിയ പിന്തുണയാണ് താരങ്ങളുടെ പരീക്ഷണത്തിന് ലഭിച്ചത്.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20 മത്സരം ഇന്നലെ മഴമൂലം ഉപേക്ഷിച്ചിരുന്നു. മഴമൂലം ഔട്ട്ഫീൽഡ് ചെളിക്കുളമായതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതോടെ 3 മത്സരങ്ങളുള്ള ട്വന്റ-20 പരമ്പര 1-1 നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ