വിക്കറ്റിന് പിന്നിലും മുന്‍പിലും ധോണിയെന്ന ഇതിഹാസത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല ക്രിക്കറ്റ് ആരാധകര്‍ക്ക്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പരാജയപ്പെടുമ്പോള്‍ പോലും വിക്കറ്റിന് പിന്നില്‍ നിന്ന് ഒരു ‘ധോണി ബ്രില്ല്യന്‍സ്’ തന്റെ ആരാധകര്‍ക്ക് വേണ്ടി കാത്തുവയ്ക്കുന്ന താരമാണ് ധോണി.

കലക്കന്‍ ഒരു റണ്‍ ഔട്ടാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ധോണിയെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. രവീന്ദ്ര ജഡേജയുടെ ത്രോ അതിവേഗം വിക്കറ്റായത് ധോണിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്. മത്സരത്തിന്റെ 42-ാം ഓവറിലാണ് സംഭവം. ഓസ്‌ട്രേലിയക്ക് നഷ്ടമായത് ഗ്രെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റും.

42-ാം ഓവറില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ച് സിംഗിള്‍ എടുക്കാനുള്ള ശ്രമമാണ് ബാറ്റ് ചെയ്യുകയായിരുന്ന ഷോണ്‍ മാര്‍ഷ് നടത്തിയത്. മാക്‌സ്‌വെല്ലായിരുന്നു നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നിന്നിരുന്നത്. മിഡ് വിക്കറ്റിലേക്ക് എത്തിയ ഷോട്ട് രവീന്ദ്ര ജഡേജ അതിവേഗം കൈക്കലാക്കി സ്‌ട്രൈക് എന്‍ഡിലേക്ക് ത്രോ ചെയ്യുകയായിരുന്നു. ജഡേജയുടെ ത്രോ ബോളിന് ധോണിയുടെ ‘തലോടല്‍’. അത്രയേ വേണ്ടിയിരുന്നുള്ളൂ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് തെറിക്കാന്‍.

ജഡേജയുടെ ത്രോ കൈക്കലാക്കി സ്റ്റംപ്‌സ് തെറിപ്പിക്കാനാണ് ധോണി നോക്കിയിരുന്നെങ്കില്‍ ക്രീസിലെത്താന്‍ മാക്‌സ്‌വെല്ലിന് കൂടുതല്‍ സമയം ലഭിച്ചേനെ. എന്നാല്‍, ധോണിയുടെ ബുദ്ധികൂര്‍മ്മതയും കൗശലവും ഒരൊറ്റ തലോടലില്‍ കാര്യങ്ങള്‍ എളുപ്പമാക്കി. റണ്‍ഔട്ട് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 31 പന്തില്‍ 47 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു മാക്‌സ്‌വെല്ലിനെ ധോണിയും ജഡേജയും കൂടി മടക്കിയത്.

റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 314 റണ്‍സാണ്. 104 റണ്‍സ് നേടിയ ഖ്വാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ മുന്നിട്ടു നില്‍ക്കുകയാണ്. റാഞ്ചി ഏകദിനം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook