മെൽബണിൽ നടന്ന അവസാന ഏകദിനത്തിൽ നാലു ബോൾ ശേഷിക്കെയായിരുന്നു ഇന്ത്യൻ ജയം. മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയും കേദാർ ജാദവുമാണ് ഇന്ത്യൻ ജയത്തിന് നിർണായകമായത്. കഴിഞ്ഞ വർഷം ബാറ്റിങ്ങിൽ പ്രത്യേകിച്ച് നേട്ടങ്ങളൊന്നും നേടാത്ത ധോണി 2019 ന്റെ തുടക്കത്തിൽ തന്നെ മൂന്നു അർധ സെഞ്ചുറികൾ നേടി മാൻ ഓഫ് ദി സീരീസും സ്വന്തമാക്കി.

ക്രിക്കറ്റിലെ ബുദ്ധിശാലിയായ കളിക്കാരിലൊരാളാണ് ധോണി. മെൽബണിലെ ഏകദിനത്തിലും ഇന്ത്യയെ ജയിപ്പിച്ചത് ധോണിയുടെ ഈ ബുദ്ധിയാണ്. അവസാന അഞ്ചു ഓവറുകളിൽ ആക്രമിച്ച് കളിക്കാനുള്ള അവസരം ലഭിച്ചിട്ടും ധോണി അതിനു തയ്യാറായില്ല. ധോണി സിംഗിളും ഡബിളെടുത്തുമാണ് കളിച്ചത്. ധോണിയുടെ ഈ മെല്ലപ്പോക്ക് ചിലപ്പോഴൊക്കെ ആരാധകരെ നിരാശരാക്കി. ഒരു ഘട്ടത്തിൽ റൺസ് കൂടുതലും ബോളുകളുടെ എണ്ണം കുറവുമായപ്പോൾ ഇന്ത്യ ജയിക്കുമോയെന്ന സംശയം പോലും ഉയർന്നു.

പക്ഷേ ധോണിക്ക് തോൽക്കുമെന്ന ഭയം ഉണ്ടായിരുന്നില്ല. 47-ാമത്തെ ഓവറിൽതന്നെ ധോണി ജയിക്കാനുള്ള കരുക്കൾ നീക്കി. ഓസീസ് ബോളർ റിച്ചാർഡ്സൺ ഓവർ തുടങ്ങുന്നതിനു മുൻപേ ധോണിയും ജാദവും ചെറിയൊരു ബ്രേക്കെടുത്തു. ധോണിയാകട്ടെ ഓവർ തുടങ്ങുന്നതിനു മുൻപായി തന്റെ അരികിൽ ഉണ്ടായിരുന്ന അമ്പയറുടെ അടുത്തേക്ക് എത്തി. ഇനി എത്ര ഓവറുകളാണ് ബാക്കിയുള്ളതെന്നും ആരൊക്കെയാണ് ബോൾ ചെയ്യുന്നതെന്നും മനസ്സിലാക്കി. 24 ബോളിൽനിന്നും 33 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ അപ്പോൾ വേണ്ടിയിരുന്നത്.

അവസാന മൂന്നു ഓവറുകളിൽ ഓസീസ് ബോളർമാർ തന്ത്രങ്ങൾ പുറത്തെടുക്കുമെന്നും ഇനിയുള്ള ഓരോ ബോളും വിലയേറിയതാണെന്നും ധോണിക്ക് മനസ്സിലായിരുന്നു. പിന്നീടുള്ള ഓവറുകളിൽ ബോൾ നഷ്ടപ്പെടുത്താതെ ധോണി നോക്കി. 48-ാമത്തെ ഓവറിൽ ഫോർ അടിച്ച് ബോളും റൺസും തമ്മിലുള്ള അന്തരം കുറച്ചു. അവസാന ഓവറിൽ ജാദവിന് അവസരം കൊടുത്തു. ആദ്യ ബോൾ മിസ് ചെയ്ത ജാദവ് രണ്ടാമത്തെ ബോൾ ഫോറടിച്ച് ഇന്ത്യയെ ജയിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ