റാഞ്ചി: ഇന്ത്യൻ ടീമിന് ആവേശം പകരാൻ ധോണിയെത്തി. ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമാണ് മുൻ ഇന്ത്യൻ നായകൻ ടീമിന് ആവേശം പകരാൻ റാഞ്ചിയിലെത്തിയത്. ധോണിയുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് കാണാൻ അവസാന ദിവസം വിഐപി ലോഞ്ചിലാണ് അദ്ദേഹം എത്തിയത്. ധോണിയെ വൻ കരഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്. ധോണിയുടെ വരവ് എന്തായാലും ഇന്ത്യൻ ടീമിനെയും ആരാധകരെയും ഉണർത്തിയിട്ടുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റൻമാരിലൊരാളാണ് ധോണി. 2014 ലാണ് ധോണി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരമിച്ചത്. 2014ൽ ഓസ്ട്രേലിയക്കെതിരെയുളള പരമ്പരക്കിടെ അപ്രതീക്ഷിതമായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം. അതിന് ശേഷം ഏകദിന -ട്വിന്റി20 ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും വിരമിച്ചു. ഇപ്പോൾ ജാർഖണ്ഡ് ടീമിന്റെ ക്യാപ്റ്റനാണ് ധോണി. വിജയ് ഹസാരേ സെമിഫൈനലിൽ ധോണിയുടെ ജാർഖണ്ഡ് ടീം ബംഗാളിനോട് പരാജയപ്പെട്ടിരുന്നു.

അതേസമയം, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഷോൺ മാർഷ് – ഹാൻഡ്സ്കോംബ് കൂട്ടുകെട്ടിലൂടെ ഓസ്ട്രേലിയ ചെറുത്തു നിൽക്കുന്നതോടെ റാഞ്ചി ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണ്. സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയ ഇരുവരും ഓസ്ട്രേലിയയെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. അഞ്ചാം ദിനത്തിലെ അവസാന സെഷനിലേക്ക് കടന്നപ്പോൾ​ ഓസ്ട്രേലിയ ഇന്ത്യൻ ലീഡ് മറികടന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ