ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനം ആറ് വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം വിക്കറ്റിൽ ഓൾറൗണ്ടർ കേദാർ ജാദവ് മുൻ നായകൻ എം എസ് ധോണിയ്ക്കൊപ്പം ചേർന്ന് നടത്തിയ മികച്ച പ്രകടനമാണ് ഹൈദരാബാദിൽ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 141 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. 87 പന്തിൽ 81 റൺസ് നേടിയ കേദാർ ജാദവ് മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുൻ നായകനെ പുകഴ്ത്തി താരം രംഗത്തെത്തിയത്.

Also Read: ‘മഹി മതിൽ, കേദാര വിളയാട്ട്’; ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

യുസ്‌വേന്ദ്ര ചാഹൽ ബിസിസിഐയ്ക്കായി നടത്തുന്ന ചാഹൽ ടിവി എന്ന പരിപാടിയിലാണ് കേദാർ ജാദവ് തന്നെ പലപ്പോഴും വിജയിത്തിലേയ്ക്ക് നയിക്കുന്നത് ധോണിയാണെന്ന് വെളിപ്പെടുത്തിയത്. ധോണി മുന്നിലുണ്ടെങ്കിൽ തനിയ്ക്ക് പിന്നെ ഒന്നിനെയും പേടിയില്ലെന്നും, എല്ലാം തന്നെ മുമ്പോട്ട് പോയ്ക്കോളുമെന്നും ജാദവ് പറയുന്നുണ്ട്.

Also Read: ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ പ്രവചിച്ച് ഗവാസ്കർ

“ധോണി പറയുന്നത് എന്തും ഞാൻ അനുസരിക്കാറുണ്ട്, അതിലൂടെ ഞാൻ ലക്ഷ്യത്തിലെത്തുകയും ചെയ്യും. എങ്ങനെയാണ് ഈ തന്ത്രങ്ങളെല്ലാം കൃത്യമായി മനസിലാക്കുന്നതെന്നും, മറ്റുള്ളവർക്ക് ഇത്തരത്തിൽ ആത്മവിശ്വാസം പകരാനും അവസരങ്ങൾ ഒരുക്കാനും എങ്ങനെയാണ് പറ്റുന്നതെന്ന് നിങ്ങൾ ധോണിയോട് തന്നെ ചോദിക്കണം. ഞാൻ ധോണിയോട് തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹം കൂടെയുണ്ടെങ്കിൽ എനിക്കൊന്നിനെയും, എത്ര ഉയർന്ന വിജയലക്ഷ്യത്തെയും ഭയമില്ല എന്ന്. ധോണി മുന്നിലുണ്ടെങ്കിൽ എല്ലാം തന്നെ മുമ്പോട്ട് പോയ്ക്കോളും,” കേദാർ ജാദവ് പറഞ്ഞു.

ആറ് വിക്കറ്റിനാണ് ഇന്ത്യ ശനിയാഴ്ച സന്ദർശകരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധ സെഞ്ചുറി നേടിയ കേദാർ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയതീരം തൊട്ടത്. 87 പന്തിൽ നിന്ന് 81 റൺസാണ് കേദാർ ജാദവിന്റെ സമ്പാദ്യം. ധോണി 72 പന്തിൽ നിന്നും 59 റൺസും സ്വന്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ