ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധ സെഞ്ചുറി നേടിയ കേദാർ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയതീരം തൊട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറി നേടി ഉസ്മാൻ ഖ്വാജയുടെയും ചെറുത്തുനിൽപ്പ് നടത്തിയ മാക്സ്‌വെല്ലിന്റെയും അലക്സ് ക്യാരെയുടെയും പ്രകടനമാണ് ഓസ്ട്രേലിയയെ വൻ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചുകൊണ്ടാണ് ഇന്ത്യ തുടങ്ങിയതെങ്കിലും ശിഖർ ധവാൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യൻ സ്കോറിങ്ങിന്റെയും വേഗത കുറഞ്ഞത് ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും രോഹിത്തും കോഹ്‌ലിയും ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. ഇരുവരും പുറത്തായതിന് പിന്നാലെ എത്തിയ ധോണിയും ജാദവും കത്തികയറിയതോടെ ഇന്ത്യൻ ജയം ഉറപ്പിച്ചു.

അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഇരുവരും 2019ലെ സ്വന്തം മണ്ണിലെ ആദ്യ ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു. 87 പന്തിൽ നിന്ന് 81 റൺസാണ് കേദാർ ജാദവിന്റെ സമ്പാദ്യം. ധോണി 72 പന്തിൽ നിന്നും 59 റൺസും സ്വന്തമാക്കി. അവസാന രണ്ട് പന്തും ബൗണ്ടറി പായിച്ചായിരുന്നു ധോണി ഇന്ത്യയെ ജയത്തിലെത്തിച്ചത്.

മറ്റ് താരങ്ങൾ: രോഹിത്-37, ധവാൻ-0, കോഹ്‌ലി-44, റയിഡു-13

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ നായകൻ ആരോൺ ഫിഞ്ചിനെ നഷ്ടമായി. ഫിഞ്ചിന്റെ നൂറാം ഏകദിന മത്സരമായിരുന്നു ഇന്ത്യയ്ക്കെതിരെ നടക്കുന്നത്. മാർക്കസ് സ്റ്റോയിനിസിന്റെയും ഖ്വാജയുടെയും ചെറുത്തുനിൽപ്പാണ് ഓസിസിന് സഹായകമായത്. ഖ്വാജ 50 റൺസിനും സ്റ്റോയിനിസ് 37 റൺസിനും പുറത്താവുകയായിരുന്നു.

പിന്നാലെ എത്തിയ മാക്സ്‌വെല്ലും ഓസ്ട്രേലിയയ്ക്കായി പൊരുതിയതോടെ ടീം സ്കോർ ഉയർന്നു. 51 പന്തിൽ 40 റൺസായിരുന്നു മാക്സ്‌വെല്ലിന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ തകർത്തടിച്ച അലക്സ് ക്യാരിയും കൗൾട്ടർ നില്ലും ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പത്ത് ഓവറിൽ രണ്ട് മെയ്ഡിനും രണ്ട് വിക്കറ്റും വീഴ്ത്തി 44 റൺസ് മാത്രം വിട്ടു നൽകിയ മുഹമ്മദ് ഷമിയാണ് ഓസ്ട്രേലിയയെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് രണ്ടും കേദാർ ജാദവ് ഒരു വിക്കറ്റും ഇന്ത്യയ്ക്കായി വീഴ്ത്തി. ലോകകപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകൾക്കും അവസാന ഒരുക്കത്തിനുള്ള അവസരമാണ് പരമ്പര.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook