സിഡ്‌നി: ഇന്ത്യ-ഓസീസ് ട്വന്റി-20 പരമ്പരിയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.ആറ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ കീഴ്‍പ്പെടുത്തിയത്. ബോളിങ്ങിൽ ക്രുണാൽ പാണ്ഡ്യയും ബാറ്റിങ്ങിൽ നായകൻ വിരാട് കോഹ്‍ലിയും ധവാനും തിളങ്ങിയ മത്സരത്തിൽ ഇന്ത്യ അവസാന ഓവറിലാണ് വിജയം ആഘോഷിച്ചത്.

165 റണ്‍സ് വിജയ ലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിങിന് ഇറങ്ങിയത്. അടിച്ചു കളിച്ച ശിഖർ ധവാനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 22 പന്തില്‍ നിന്നും 41 റണ്‍സുമായി ധവാന്‍ പുറത്തായി. 23 റണ്‍സുമായി രോഹിത്തും പിന്നാലെ തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ധവാനെ സ്റ്റാർക്കും രോഹിത്തിനെ സാംപയുമാണ് പുറത്താക്കിയത്.

പിന്നാലെ എത്തിയ പന്തും രാഹുലും കാര്യമായ സംഭവനകൾ നൽകാതെ മടങ്ങിയതോടെ ഇന്ത്യ പരാജയം മണത്തു. എന്നാൽ ഒരറ്റത്ത് നായകൻ കോഹ്‍ലി ഇന്ത്യയെ കരകയറ്റുകയായിരുന്നു. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് കൂടി ചേർന്നതോടെ ഇന്ത്യ വിജയം സ്വന്തമാക്കി, പരമ്പര സമനിലയും. കോഹ്ലി 41 പന്തിൽ 61 റൺസും കാർത്തിക് 18 പന്തിൽ 22 റൺസും നേടി.

ഡാര്‍സി ഷോര്‍ട്ടും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തില്‍ നിന്നും ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് ഓസീസിന് വിലങ്ങു തടിയായത്. എന്നാല്‍ മധ്യനിരയിലെ വെടിക്കെട്ട് പ്രകടനങ്ങള്‍ ഓസീസിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 164 റണ്‍സെടുത്തത്.

നാല് ഓവർ എറിഞ്ഞ് നാല് വിക്കറ്റുകള്‍ നേടിയ ക്രുണാല്‍ 36 റണ്‍സ് മാത്രമേ വിട്ടു കൊടുത്തുള്ളൂ. അഞ്ച് വിക്കറ്റിലും ക്രുണാലിന് പങ്കുണ്ട്. ഓസീസിനെതിരെ ട്വന്‍റി-20യില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. അലക്‌സി കാരെ 27 റണ്‍സും ക്രിസ് ലിന്‍ 13 റണ്‍സും നേടി പുറത്തായി. മാക്‌സവെല്ലിനും 13 റണ്‍സ് മാത്രമാണ് നേടാനായത്. മാര്‍ക്കസ് സ്റ്റോയ്‌നിസ് 25 റണ്‍സുമായി പുറത്താകാതെ നിന്നു.നഥാന്‍ കോട്ടര്‍നീല്‍ 13 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി ക്രുണാല്‍ നാലും കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ഒരു വിക്കറ്റു വീതവും നേടിയിട്ടുണ്ട്. ഡാര്‍സി ഷോര്‍ട്ട് 33 റണ്‍സും ഫിഞ്ച് 28 റണ്‍സും നേടിയാണ് പുറത്തായത്. ഫിഞ്ചിനെ പുറത്താക്കി കുല്‍ദീപാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

സ്വന്തം കാണികൾക്ക് മുന്നിൽ പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയിറങ്ങിയ ഓസിസിന് ആ നേട്ടം നഷ്ടമായി. എന്നാൽ പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്കായി. തോൽവി അറിയാതെ തുടർച്ചയായി പത്ത് ടി20 പരമ്പരകൾ പൂർത്തിയാക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ആദ്യ മത്സരങ്ങളിൽ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ സിഡ്നിയിലും ഇറങ്ങുന്നത്.

ഇന്ത്യ XI: വിരാട് കോഹ്‍ലി (നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ക്രുണാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook