Ind vs Aus 2nd T20I LIVE Cricket Score: ഭാഗ്യവും മഴയും ചതിച്ച ആദ്യ ട്വന്റി-20യിലെ പരാജയത്തിന് ഇന്നത്തെ കളി ജയിച്ച് മറുപടി പറയാനിറങ്ങിയ ഇന്ത്യൻ പ്രതീക്ഷകൾ അസ്ഥാനത്താക്കി വീണ്ടും മഴ. മെൽബണിൽ നടന്ന രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ പരമ്പര നേട്ടമെന്ന ഇന്ത്യൻ സ്വപനവും അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മേൽ 137 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. മഴമൂലം മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഓസീസ് ഇന്നിങ്‌സ് പത്തൊമ്പതാം ഓവറില്‍ എത്തി നില്‍ക്കെയാണ് മഴ കളി മുടക്കുകയത്. ഇതോടെയാണ് ഓവർ ചുരുക്കി വിജയലക്ഷ്യം നിർണ്ണയിച്ചത്. എന്നാൽ ഇന്ത്യക്ക് മറുപടി ബാറ്റിങ് ആരംഭിക്കാൻ സാധിച്ചില്ല.

19 ഓവര്‍ പിന്നിട്ടപ്പോള്‍ ഓസ്‌ട്രേലിയ എഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലായിരുന്നു. അപ്പോഴാണ് മഴ വില്ലനായെത്തിയത്. 32 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ബെന്‍ മക്‌ഡെര്‍മോട്ടാണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. നഥാന്‍ കോട്ടര്‍നീല്‍ 20 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 19 റണ്‍സുമെടുത്ത് പുറത്തായി. ആന്‍ഡ്രൂ ടൈയും ബെന്നുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

കഴിഞ്ഞ കളിയില്‍ കിട്ടിയ തല്ലിന് ഖലീല്‍ അഹമ്മദ് ഇന്ന് കണക്ക് തീര്‍ത്തു. രണ്ട് വിക്കറ്റുകളാണ് ഖലീല്‍ നേടിയത്. ഭുവനേശ്വര്‍ കുമാറിനും രണ്ട് വിക്കറ്റുണ്ട്. കുല്‍ദീപ്, ബുംറ, ക്രുണാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ പുറത്തെടുത്തത്. ടീം സ്കോർ 74ൽ എത്തുമ്പോഴെക്കും ആറ് ഓസ്ട്രേലിയൻ താരങ്ങളാണ് കൂടാരം കയറിയത്. ടീം സ്കോർ ഒന്നിൽ നിൽക്കെ നായകൻ ആരോൺ ഫിഞ്ചിനെ നഷ്ടപ്പെട്ട ഓസിസിന് പിന്നീട് കരകയറാൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ ഓസിസ് താരങ്ങളെ മടക്കി.

തുടർച്ചയായ എട്ടാം ടി20 പരമ്പര വിജയം ലക്ഷ്യം വെച്ച് ഇറങ്ങുന്ന ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. ഇന്ന് ജയിക്കാനായാൽ പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് സാധിച്ചേനെ. ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബർ 25ന് സിഡ്നിയിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാലും പരമ്പര സമനിലയിൽ അവസാനിക്കും

ആദ്യ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

ഇന്ത്യ ടീം: വിരാട് കോഹ്‍ലി (നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ക്രുണാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook