സിഡ്‌നി: ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വജ്രായുധമായിരുന്നു പേസർ ജസ്പ്രീത് ബുംറ. സമീപകാലത്ത് ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ബോളർമാരിൽ ഒരാൾ. തകർപ്പൻ ഫോമിൽ പന്തെറിഞ്ഞ ബുംറ ഇന്ത്യൻ വിജയത്തിൽ വഹിച്ച പങ്ക് മാറ്റിനിർത്താനാകാത്തതാണ്.
അതിനാൽ തന്നെ ക്രിക്കറ്റ് ലോകത്തെ ബുംറയുടെ പ്രകടനം വലിയ ചർച്ചാവിഷയമായി. ബുംറയുടെ പ്രകടനം കണ്ട് ഓസീസ് ആരാധകരും കൈയ്യടിച്ചു. എന്നാൽ ആ കൈയ്യടിക്ക് പുറമെ, താരം ഓസ്ട്രേലിയയിൽ വലിയ ആരാധകവൃന്ദത്തെ നേടിയെന്നതാണ് ഏറ്റവും പുതിയ വിശേഷം.

ബുംറയുടെ വ്യത്യസ്തമായ ബോളിങ് ശൈലി അനുകരിച്ച് പന്തെറിഞ്ഞ ബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.  ബുംറയെ അനുകരിച്ച ‘കുഞ്ഞു ബുംറ’ യുടെ പ്രകടനത്തിന് ഇപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ബുംറയുടെ അതേരീതിയിൽ ഓട്ടവും പന്തെറിയുമ്പോഴുളള തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം കുഞ്ഞു ബുംറ അനുകരിച്ച് കാട്ടി.

മൈക്കല്‍ കര്‍ട്ടിന്‍ എന്ന ഓസ്ട്രേലിയൻ പൗരൻ ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവച്ചത്. ‘നിങ്ങളുടെ വലിയ പരമ്പര ജയത്തിന്റെ ഏക പ്രശ്‌നം, അടുത്ത തലമുറയിലെ ഓസീസ് പേസര്‍മാരെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ്,” എന്ന അടിക്കുറിപ്പോടെയാണ് കർട്ടിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്നെ അനുകരിച്ച കുഞ്ഞു ബുംറയുടെ പ്രകടനം ഒടുവിൽ ബുംറയുടെ കണ്ണിലുമെത്തി. ഒട്ടും അമാന്തിക്കാതെ കുഞ്ഞു താരത്തിന് ആശംസയും നേർന്നു ഇന്ത്യൻ പേസർ. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ  ആകെ 21 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ