റാഞ്ചി: ഓസ്ട്രേലിയയുടെ 451 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എടുത്തിട്ടുണ്ട്. തുടർച്ചായ അഞ്ചാം ഇന്നിങ്ങ്സിലും അർധസെഞ്ചുറി നേടിയ ലോകേഷ് രാഹുൽ (67) ആണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 42 റൺസ് എടുത്ത മുരളി വിജയും, 10 റൺസ് എടുത്ത ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്. മൂന്നു ദിവസം ബാക്കി നിൽക്കെ ഓസീസ് സ്കോർ മറികടക്കാൻ ഇന്ത്യക്ക് ഇനി 331 റൺസ് കൂടി വേണം.

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് കരുത്തായി ഗ്ലെൻ മാക്സ്‌വെൽ സെഞ്ചുറി പിന്നിട്ടു. ടെസ്റ്റിൽ മാക്സ്‌വെല്ലിന്രെ ആദ്യ സെഞ്ചുറിയായിരുന്നു. 104 റൺസ് എടുത്ത് മാക്സ്‌വെൽ പുറത്തായെങ്കിലും സ്മിത്ത് കുലുങ്ങിയില്ല. വാലറ്റക്കാരെ കൂട്ട്പിടിച്ച് സ്മിത്ത് ഓസീസ് സ്കോർ 400 കടത്തി. എന്നാൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ഓസ്ട്രേലിയയുടെ കുതിപ്പിന് ജഡേജ കടിഞ്ഞാണിട്ടു. 37 റൺസ് എടുത്ത ഡ്വെയിൻ വേഡിനെയും, റണ്ണൊന്നുമെടുക്കാതെ പാറ്റ് കമ്മിൻസിനേയും ജഡേജ മടക്കി. 25 റൺസ് എടുത്ത സ്റ്റീഫൻ ഒക്കീഫിനെ കൂട്ടുപിടിച്ച് സ്നമിത്ത് സ്കോർ 450 കടത്തി. എന്നാൽ ഒക്കീഫിനെ വീഴ്ത്തി ഉമേഷ് യാദവ് ഇന്ത്യക്ക് ഉയിർപ്പ് സമ്മാനിച്ചു. മികച്ചൊരു ഫീൽഡിങ്ങിലൂടെ ഹെയ്സൽവുഡിനെ ജഡേജയും മടക്കിയതോടെ ഓസ്ട്രേലിയ 451ൽ ഒതുങ്ങി. ഇരട്ട സെഞ്ചുറി നേടാനുള്ള സ്റ്റീഫൻ സ്മിത്തിന്റെ മോഹം പൊലിഞ്ഞെങ്കിലും ഇന്ത്യൻ മണ്ണിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ എറ്റവും ഉയർന്ന സ്കോറായ 178 റൺസ് ഓസീസ് നായകൻ സ്വന്തമാക്കി. ഇന്ത്യക്കായി സ്പിന്നർ രവീന്ദർ ജഡേജ 5 വിക്കറ്റും ഉമേഷ് യാദവ് 3 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തകർപ്പൻ തുടക്കമാണ് നേടിയത്. പതിവ് ശൈലിയിൽ കളിച്ച ലോകേഷ് രാഹുൽ ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു. 102 പന്തിൽ 9 ഫോറുകൾ ഉൾപ്പെടെ 67 റൺസാണ് രാഹുൽ നേടിയത്. എന്നാൽ രാഹുലിനെ ഡ്വെയിൻ വേഡിന്റെ കൈകളിൽ എത്തിച്ച് പാറ്റ് കമ്മിൻസ് ഈ കൂട്ടുകെട്ട് പിരിച്ചു. മൂന്നാമനായി ഇറങ്ങേണ്ട കോഹ്‌ലിക്ക് പകരം ചേതേശ്വർ പൂജാരയാണ് എത്തിയത്. വിക്കറ്റുകൾ വീഴാതെ കാത്ത വിജയും, പൂജാരയും സ്കോർ 120ൽ എത്തിച്ചു.

പരുക്കേറ്റ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്ന് പരിശോധനകൾക്കായി ആശുപത്രിയിൽ പോയിരുന്നു. നാളെ കോഹ്‌ലിക്ക് ബാറ്റ് ചെയ്യാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ