സിഡ്നി ടെസ്റ്റിൽ ഇന്ത്യ ശക്തമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ബാറ്റിങ്ങിന് പുറമെ ബോളിങ്ങിൽ ഇന്ത്യ തിളങ്ങിയതോടെ ഓസ്ട്രേലിയ ഫോളോ ഓൺ ഭീഷണിയിലാണ്. ഇത്തവണ ഇന്ത്യൻ ബോളിങ്ങിന്റെ കരുത്തായത് സ്‍പിന്നർമാരാണ്. ഒന്നാം ഇന്നിങ്സിൽ കൃത്യമായ ഇടവേളകളിൽ ഓസിസ് ബാറ്റ്സ്മാന്മാരെ കൂടാരം കയറ്റി വിജയപാത തെളിക്കുകയായിരുന്നു.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ വീണ ആറ് വിക്കറ്റുകളിൽ അഞ്ചും സ്‍പിൻ മികവിലായിരുന്നു. ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് കളിക്കുന്ന കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ അക്കൗണ്ടിലാക്കി.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് കുൽദീപ് യാദവാണ്. ഉസ്മാൻ ഖ്വാജയെ പൂജരയുടെ കൈകളിൽ എത്തിച്ച് കുൽദീപ് ഖ്വാജയെ മടക്കി. അർദ്ധസെഞ്ചുറി തികച്ച് ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ മാർക്കസ് ഹാരിസിന്റെ വിക്കറ്റ് ജഡേജ തെറിപ്പിച്ചു.

അധികം വൈകാതെ ഷോൺ മാർഷിനെയും ജഡേജ കൂടാരം കയറ്റി. സ്ലിപ്പിൽ നിന്ന രഹാനയുടെ കൈകളിലേക്ക് ജഡേജ എറിഞ്ഞ പന്ത് മാർഷിന്റെ ബാറ്റിൽ തട്ടി എത്തുകയായിരുന്നു. അടുത്തത് മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. ഹെഡിനെ വീഴ്ത്തി വീണ്ടും കുൽദീപിന്റെ പ്രഹരം. ഒടുവിൽ ഓസിസ് നായകൻ ടിം പെയ്നെയും കുൽദീപ് വീഴ്ത്തി.

ഇന്ത്യൻ ഇന്നിങ്സിലും ഓസിസ് നിരയിൽ തിളങ്ങിയത് സ്‍പിന്നറായിരുന്നു. നഥാൻ ലിയോണാണ് ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ പന്തെറിഞ്ഞതും വിക്കറ്റ് വീഴ്ത്തിയതും. 57.2 ഓവറെറിഞ്ഞ ലിയോൺ നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.

കുൽദീപ് – ജഡേജ സഖ്യം തന്നെ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. വെളിച്ച കുറവ് മൂലം മൂന്നാം ദിനം കളി നേരത്തെ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തിട്ടുണ്ട്. ഫോളോ ഓൺ ഒഴിവാക്കാൻ ആതിഥേയർക്ക് 386 റൺസ് കൂടി വേണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook