ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് വിജയിച്ച ഇന്ത്യ പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റു വാങ്ങിയിരുന്നു. ഓസിസ് നിരയിലെ ഏക സ്പിന്നർ നഥാൻ ലിയോണിന്റെ തകർപ്പൻ പ്രകടമാണ് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. പേസർമാർക്ക് അനുകൂലമായിരുന്ന പിച്ചിലാണ് ലിയോൺ എന്ന സ്പിന്നർ മാന്ത്രിക പന്തുകൾ എറിഞ്ഞത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തിയ ലിയോൺ മത്സരത്തിലെ താരവുമായി.
ഈ സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനി വരുന്ന മത്സരങ്ങളിൽ താരത്തിന് ഒരു വിക്കറ്റ് പോലും ലഭിക്കാത്ത താരത്തിൽ ആക്രമണ തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്നാണ് ഗാംഗുലിക്ക് കോഹ്ലിയോടും സംഘത്തോടും പറയാനുള്ളത്.
“കോഹ്ലിക്ക് ഒരു സന്ദേശം അയക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നാൽ ഇതുവരെ അത് ചെയ്തില്ല. എനിക്ക് കോഹ്ലിയോട് പറയാനുള്ളത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് സ്പിന്നേഴ്സിന് മുന്നിൽ കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തരുത്. നഥാൻ ലിയോൺ ഷെയ്ൻ വോണിനെ പോലെയും മുത്തയ്യ മുരളിധരനെപോലെയും മികച്ച സ്പിന്നറാണെന്ന കാര്യത്തിൽ സംശയമില്ല,” ഇന്ത്യ ടിവിയോട് ഗാംഗുലി പറഞ്ഞു.
പെർത്തിൽ ലിയോണിന് ഇന്ത്യൻ താരങ്ങൾ കൂടുതൽ അവസരം നൽകിയെന്ന് ഗാംഗുലി കുറ്റപ്പെടുത്തി. ഓഫ് സ്റ്റംമ്പിന് മുന്നിൽ നിരവധി പന്തുകൾ തട്ടിക്കളിച്ചതിന് പകരം അക്രമിച്ച് കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ സ്കോർ 300 മുതൽ350 വരെ ആക്കാമായിരുന്നെന്ന് ഗാംഗുലി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മോശം പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മുൻ നായകൻ 2014 ലെ ഇന്ത്യൻ പര്യടനത്തിൽ നിന്നും ഇന്ത്യൻ ടീമിന് കര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞു.