ബ്രിസ്ബെയ്ൻ:ഗാബാ ടെസ്റ്റിൽ ഇന്ത്യക്കുവേണ്ടി ലോവർ ഓർഡറിൽ മികച്ച പ്രകടനം പുറത്തെടുത്ത വാഷിംഗ്ടൺ സുന്ദർ, ഷർദുൽ താക്കൂർ എന്നിവരുടെ പരിശ്രമത്തെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസീസ് കൂറ്റൻ ലീഡ് നേടുന്നത് ഒഴിവാക്കാൻ സഹായകമായത് വാഷിങ്ടണിന്റെയും ഷർദുലിന്റെയും കൂട്ടുകെട്ടാണ്.
ആദ്യ ഇന്നിങ്സിൽ 369 റൺസ് നേടിയ ഓസ്ട്രേലിയക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് വാലറ്റത്തുനിന്ന് മികച്ച പ്രകടനം പുറത്തെടുത്ത് ഷർദുലും സുന്ദറും ഇന്ത്യയുടെ സ്കോർ 300 കടത്താൻ സഹായിച്ചത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 123 റൺസ് നേടി. വാഷിങ്ടൺ 62 റൺസും ഷർദുൽ 67 റൺസും നേടി.
Read More: ആ ഷോട്ട് കളിച്ചതിൽ കുറ്റബോധമില്ല; അത്തരം ഷോട്ടുകൾ ഇനിയും കളിക്കും: മറുപടിയുമായി രോഹിത്
“അവരുടെ ബാറ്റ്സ്മാൻഷിപ്പ് ശരിക്കും എടുത്തു നിൽക്കുന്നു, ഒപ്പം അവരുടെ പ്രയോഗ രീതീകളും ഏകാഗ്രതയും. അവർ അത് ഉപേക്ഷിച്ചില്ല. ഈ പങ്കാളിത്തം മികച്ചതായിരുന്നു, ഇക്കാലത്ത് ഇന്ത്യയ്ക്ക് ആവശ്യമുള്ളത് തന്നെയാണ്, കുറച്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നുതന്നെ അവർക്കത് കൈവരിക്കാൻ കഴിഞ്ഞു,” പോണ്ടിങ് ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
“അവസാനം ഷർദുലിന് ഒരു ഷോട്ടിൽ പിഴച്ചു, പക്ഷേ അതിനുമുമ്പ് അവരിൽ ഒരാളും തെറ്റായ ഷോട്ടുകൾ കളിച്ചിട്ടില്ലായിരുന്നു,” പോണ്ടിങ് പറഞ്ഞു.
ഓസ്‌ട്രേലിയക്ക് ആക്രമണോത്സുകത ഇല്ലായിരുന്നെന്നും പോണ്ടിങ് പറഞ്ഞു. ഓസീസ് ഫാസ്റ്റ് ബൗളർമാർ കൂടുതൽ ഷോർട്ട് പിച്ച് പന്തിലൂടെ ഇന്ത്യൻ ലോവർ ഓർഡറിനെ ആക്രമിക്കണമായിരുന്നെന്നും പോണ്ടിങ് പറയുന്നു.
“അവർ വേണ്ടത്ര ആക്രമണകാരികളായിരുന്നെന്ന് ഞാൻ കരുതുന്നില്ല, വേണ്ടത്ര ഷോർട്ട് ബോളുകൾ എറിഞ്ഞില്ല. ഇന്ത്യൻ ബാറ്റ്സ്മാൻമാരെ ക്രീസിൽ വളരെ സുഖകരമായി നിർത്താൻ അവർ അനുവദിച്ചു. ആ ബാറ്റ്സ്മാൻമാർ പന്തെറിയാൻ ആഗ്രഹിക്കുന്ന രീതിയിൽ അവർ മിക്കവാറും പന്തെറിഞ്ഞു,” പോണ്ടിങ് പറഞ്ഞു.