ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ- ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് സമനിലയിൽ. പരമ്പരയിലെ അവസാന ടെസ്റ്റ് സമനിലയിലായതോടെ ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് സീരീസ് സ്വന്തമാക്കി. ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചപ്പോൾ മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തിയപ്പോള്‍ ഇരുടീമുകളും ചേര്‍ന്ന് മത്സരം സമനിലയില്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് അവസാനക്കാരനായി പുറത്തായത്. കോഹ്‌ലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോര്‍. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്‌ലി ടെസ്റ്റില്‍ സെഞ്ചുറി കുറിച്ചത്. സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0) മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
അതേസമയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് വിജയം നേടിയപ്പോള്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23 ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ജൂണ്‍ 7 മുതല്‍ ലണ്ടനിലെ ഓവലില്‍ ഓസ്ട്രേലിയയെ കിരീട പോരാട്ടത്തില്‍ ഇന്ത്യ നേരിടും.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഫൈനല്‍ ഉറപ്പാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യയായിരുന്നു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം പോരില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത് തിരിച്ചടിയാകുകയായിരുന്നു. എന്നാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ ഇന്ത്യക്ക് തിരിച്ചടിയാകുമായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ലങ്ക പരാജയപ്പെട്ടതോടെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു.