അഡ്‌ലെയ്ഡ്: അഡ്‍ലെയ്ഡിൽ നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 235 റൺസിന് പുറത്താക്കിയ ഇന്ത്യ മത്സരത്തിൽ 15 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 151 റൺസെടുത്തിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ആകെ സ്കോർ 166 റൺസായി.

ലോകേഷ് രാഹുലും മുരളി വിജയ്‍യും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ടീം സ്കോർ 63ൽ നിൽക്കെ 18 റൺസ് നേടിയ മുരളി വിജയ് പുറത്തായി. ഏറെ വൈകാതെ അർദ്ധ സെഞ്ചുറിക്കരികിൽ 44 റൺസുമായി രാഹുലും വീണു. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ നായകൻ കോഹ്‍ലിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.

രണ്ടാം ഇന്നിങ്സിലും മികച്ച ചെറുത്തുനിൽപ്പുമായി പൂജാര ക്രീസിലുണ്ട്. രണ്ടാം ഇന്നിങ്സിൽ 127 പന്തുകൾ നേരിട്ട പൂജാര 40 റൺസ് നേടിയിട്ടുണ്ട്. ഒരു റൺസുമായി അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ള മറ്റൊരു ഇന്ത്യൻ താരം. മിച്ചൽ സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ദിനത്തിൽ ഏഴിന് 191 നിലയിലായിരുന്നു ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ ഉച്ച ഭക്ഷണത്തിന് മുൻപേ 235 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയൻ ടീമിനെ മുന്നിൽ നിന്നും നയിച്ച ട്രാവിസ് ഹെഡിനെ മൂന്നാം ദിനത്തിൽ ജസ്പ്രീത് ഷമിയാണ് വീഴ്ത്തിയത്. അർദ്ധ സെഞ്ചുറി നേടിയ ഹെഡിന് മൂന്നാം ദിനത്തിൽ 11 റൺസ് കൂടി നേടാൻ മാത്രമേ കഴിഞ്ഞുളളൂ.

ഇന്ത്യയ്ക്കായി അശ്വിനും ബുംമ്രയും മൂന്നു വീതവും ഇഷാന്ത് ശർമ്മയും ഷമിയും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook