കൊൽക്കത്ത: എതിരാളികൾക്ക് വിക്കറ്റിന് പിന്നിൽ കണ്ണ് കൂർപ്പിച്ചിരിക്കുന്ന കഴുകനാണ് മഹേന്ദ്രസിങ് ധോണി . ആ കഴുകൻ കണ്ണുകളെ ഭയക്കാത്ത ബാറ്റ്സ്മാൻമാർ ചുരുക്കമാണ്. ഇത്തവണ ധോണിയുടെ കൂർമ്മതയുടെയും വേഗത്തിന്റേയും ചൂടറിഞ്ഞത് ഓസീസ് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‌വെല്ലാണ്. ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച മാക്സ്‌വെല്ലിന് മികച്ചൊരു യാത്രയയപ്പും ധോണി നൽകി.

കുൽദീപ് യാദവിന്റെ പന്ത് തുടർച്ചയായി 2 തവണ അതിർത്തി കടത്തിയായിരുന്നു വെടിക്കെട്ട് താരം മാക്സ്‌വെല്ലിന്രെ തുടക്കം. ഓസീസ് നായകൻ സ്റ്റീഫ് സ്മിത്തിന് മികച്ച പിന്തുണ നൽകാനും മാക്സ‌്‌വെല്ല് ശ്രമിച്ചു. എന്നാൽ യുഷ്‌വേന്ദ്ര ചവലിന്റെ പന്ത് കയറി അടിക്കാൻ ശ്രമിച്ച മാക്സ്‌വെല്ലിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ചാവലിന്റെ പന്ത് മാക്സ്‌വെല്ലിന്റെ കാലിൽ തട്ടിയാണ് ധോണിയുടെ കൈകളിൽ എത്തുന്നത്. ഇടത് വശത്തേക്ക് ഡൈവ് ചെയ്ത് ധോണി ആ പന്ത് കൈക്കലാക്കി, പിന്നീട് മിന്നൽ വേഗത്തിൽ ബെയിൽസ് തകർക്കുകയും ചെയ്തു. അപകടകാരിയായ മാക്സ്‌‌വെല്ലിന്റെ വിക്കറ്റ് പിഴുതതിന്റെ സന്തോഷം ക്യാപ്റ്റൻ കൂളായ ധോണി ആവേശത്തോടെയാണ് ആഘോഷിച്ചത്. ബോൾ ആകാശത്തേക്ക് വലിച്ചെറിഞ്ഞ ധോണി രൂക്ഷമായൊരു നോട്ടവും നോക്കി. 18 പന്തിൽ 14 റൺസാണ് മാക്സ്‌വെൽ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ