മെൽബണിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ പരമ്പര നേടിയതിൽ മുൻ നായകൻ എം.എസ്.ധോണിയുടെ പങ്ക് വലുതാണ്. 46 റൺസെടുത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളം വിട്ടപ്പോൾ പിന്നെ ടീമിന്റെ വിജയം ധോണിയുടെ ചുമലിലായി. നാലാമനായി ഇറങ്ങിയ ധോണി വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കി മെല്ലെ കളിച്ചു. ധോണിയുടെ മെല്ലെപ്പോക്ക് ചിലപ്പോഴൊക്കെ ആരാധകരുടെ രോഷത്തിന് ഇടയാക്കിയെങ്കിലും ഫിഷിനിങ്ങിൽ ഒരിക്കൽക്കൂടി ധോണി മികവ് തെളിയിച്ചു.

കേദാർ ജാദവിനെ കൂട്ടുപിടിച്ച് ധോണി കളിയുടെ ഗതി നിയന്ത്രിച്ചു. ജാദവിന് മികച്ച പിന്തുണ നൽകി ധോണി ഒപ്പം നിന്നു. അവസാന ഓവറുകളിൽ ഡബിളെടുത്തും ട്രിപ്പിളെടുത്തും സ്കോർ ഉയർത്തി. ഒടുവിൽ നാലു ബോളുകൾ ശേഷിക്കെ ഇന്ത്യ ജയം നേടി. ധോണി 87 റൺസും ജാദവ് 61 റൺസുമെടുത്ത് പുറത്താകാതെനിന്നു. പരമ്പരയിലെ മൂന്നു ഏകദിനങ്ങളിലും അർധ സെഞ്ചുറി നേടിയ ധോണി മാൻ ഓഫ് ദി സീരീസ് അവാർഡും നേടി.

മത്സരശേഷം ധോണി ബോളുമായി ചെന്നത് ബാറ്റിങ് കോച്ച് സഞ്ജയ് ബംഗറിന് അടുത്തേക്കായിരുന്നു. ബോൾ കോച്ചിന്റെ കൈയ്യിൽ കൊടുത്ത് ധോണി പറഞ്ഞു, ‘ബോൾ വാങ്ങിയില്ലെങ്കിൽ അവർ പറയും ഞാൻ വിരമിക്കാൻ പോകുന്നുവെന്ന്.’ ധോണിയുടെ തമാശ കേട്ട് കോച്ച് ചിരിക്കുകയും ചെയ്തു. ധോണിയുടെ തമാശ നിറഞ്ഞ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ധോണി തമാശ കാട്ടിയതിന് കാരണം കഴിഞ്ഞ വർഷത്തെ ഒരു സംഭവമാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിൽ ഏകദിന മത്സരത്തിനുശേഷം ധോണി ബോൾ അമ്പയർക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധോണി വിരമിക്കാൻ പോകുന്നതായി മാധ്യമങ്ങൾ വാർത്ത നൽകി. അതിനാലാണ് ധോണി ഇത്തവണ ബോൾ അമ്പയർക്ക് നൽകാതെ കോച്ചിന് നൽകിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ