ധരംശാല: റാഞ്ചി ടെസ്റ്റിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നാലാം ടെസ്റ്റിൽ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. ധരംശാലയിൽ ടീമിനൊപ്പം കോഹ്‌ലി എത്തിയിട്ടുണ്ടെങ്കിലും പരിശീലനത്തിന് ഇതുവരെ ഇറങ്ങിയിട്ടില്ല. കോഹ്‌ലി വിശ്രമത്തിലാണ് എന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന വിശദീകരണം. നാലാം ടെസ്റ്റിൽ കോഹ്‌ലി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായയൊരു മറുപടി ടീം അധികൃതർ നൽകിയിട്ടുമില്ല. എന്നാൽ യുവതാരം ശ്രേയസ്സ് അയ്യരെ ഇന്ത്യൻ ടീമിൽ​ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് താരത്തിന് പകരക്കാരനായാണ് ശ്രേയസ്സ് അയ്യരെ ഉൾപ്പെടുത്തിയത് എന്ന് ബിസിസിഐ വിശദീകരണം നൽകിയിട്ടില്ല.


റാഞ്ചിയിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ വിരാട് കോലി രണ്ടാം ഇന്നിങ്ങ്സിൽ ബാറ്റുചെയ്യാനും ഫീൽഡ് ചെയ്യാനും എത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരുക്ക് ഭേദമായിട്ടായിരുന്നില്ല നായകൻ മൈതാനത്ത് ഇറങ്ങിയത്. ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും ഗുരുതരമായി ഒന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ. പക്ഷെ നിർണ്ണായകമായ ധരംശാല ടെസ്റ്റിൽ ഇന്ത്യൻ നായകൻ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1-1 എന്ന നിലയിൽ തുല്യത പാലിക്കുമ്പോൾ പരമ്പര ആർക്കെന്ന് തീരുമാനിക്കപ്പെടുന്ന മത്സരംകൂടിയാണ് ഇത്.

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് ശ്രേയസ്സ് അയ്യർ. ഓസ്ട്രേലിയക്ക് എതിരായ സന്നാഹ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരിച്ച് വിളിച്ചില്ല. ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ ബുവനേശ്വർ കുമാർ കളിക്കാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ