ബെംഗളൂരു: തന്റെ നൂറാം ഏകദിന മത്സരം സെഞ്ചുറി നേടി ആഘോഷിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിലാണ് വാർണർ തന്റെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കരുതലോടെ ബാറ്റ് വീശിയാണ് വാർണർ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടുന്ന എട്ടാമത്തെ താരമാണ് ഡേവിഡ് വാർണർ.

ഇന്നലെ പെയ്ത മഴയെത്തുടർന്ന് പിച്ചിൽ ഈർപ്പം നിലനിന്നിരുന്നു. ആദ്യ ഓവറുകളിൽ പിച്ച് ബോളർമാരെ പിന്തുണയ്ക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു. ഉമേഷ് യാദവിനേയും മുഹമ്മദ് ഷമിയേയും ഇരുവരും തിരഞ്ഞ് പിടിച്ച് ആക്രമിച്ചു.

103 പന്തിൽ നിന്നായിരുന്നു ഡേവിഡ് വാർണറുടെ സെഞ്ചുറി നേട്ടം. ഡേവിഡ് വാർണറുടെ കരിയറിലെ
14-ാം സെഞ്ചുറിയും ഇന്ത്യക്കെതിരായ രണ്ടാം സെഞ്ചുറിയുമായിരുന്നു ഇന്നത്തേത്. 12 ബൗണ്ടറികളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്ങ്സ്. 119 പന്തിൽ നിന്ന് 124 റൺസാണ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ