ചെന്നൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 282 റൺസിന്റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. ഒരു ഘട്ടത്തിൽ 100 റൺസ് പോലും കടക്കില്ലെന്ന കരുതിയ ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് ഹാർദിക് പാണ്ഡ്യെയും എം.എസ്.ധോണിയുമാണ്. 83 റൺസെടുത്ത പാണ്ഡ്യെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ധോണി അർധസെഞ്ചുറി (79) നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളി. ഓപ്പണർമാരിലൊരാളായ അജിങ്ക്യ രഹാനെ 5 റൺസിന് പുറത്തായി. പിന്നാലെ ഇറങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും മനീഷ് പാണ്ഡ്യെയും പൂജ്യത്തിന് മടങ്ങി. ഇതോടെ ഇന്ത്യൻ ആരാധകർ നിരാശയിലായി. മൂന്ന് പേരുടേയും വിക്കറ്റെടുത്ത കോൾട്ടർ നീലാണ് ഇന്ത്യയുടെ മുൻ നിരയെ തകർത്തത്. കേദാർ ജാദവും രോഹിത് ശർമയും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് കടത്തിയെങ്കിലും രോഹിതിന്റെ വിക്കറ്റ് വീണു. 28 റൺസെടുത്ത രോഹിതിനെ സ്റ്റൊയിനിസ് പുറത്താക്കി. ജാദവ് 40 റൺസെടുത്ത് പുറത്തായി.
ഒടുവിൽ ധോണിയും ഹാർദിക് പാണ്ഡ്യെയും കളി ഏറ്റെടുത്തു. പാണ്ഡ്യെയ്ക്ക് പിന്തുണയായി ധോണി നില ഉറപ്പിച്ചതോടെ ഇന്ത്യ ഫോം വീണ്ടെടുത്തു. പാണ്ഡ്യെയുടെ ബോളിൽ ഫോറും സിക്സും പിറന്നു. 5 സിക്സാണ് പാണ്ഡ്യെ അടിച്ചുകൂട്ടിയത്. ഓസീസ് ബോളർമാരെ തലങ്ങും വിലങ്ങും പാണ്ഡ്യെ പായിച്ചു. ഒടുവിൽ 83 റൺസെടുത്ത പാണ്ഡ്യയെ സാംപ പുറത്താക്കി. പിന്നീട് ധോണി കളി ഏറ്റെടുത്തു. ഭുവനേശ്വർ കുമാറുമായി കൂട്ടുകെട്ടുണ്ടാക്കി ധോണി സ്കോർനില ഉയർത്തി. അർധസെഞ്ചുറി നേടിയശേഷം ധോണി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. അവസാന ഓവറുകളിൽ ധോണി നടത്തിയ പ്രകടനം ഇന്ത്യൻ സ്കോർനില 250 ൽ കടത്തി. 79 റൺസ് നേടിയാണ് ധോണി കളം വിട്ടത്. ഭുവനേശ്വർ കുമാർ പുറത്താകാതെ 32 റൺസെടുത്തു.
ഇന്ത്യൻ മണ്ണിൽ ഓസീസിനെതിരെ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങിയത്. 2010-11, 2013-14 സീസണുകളില്‍ ഇന്ത്യ സന്ദര്‍ശിച്ച ഓസ്ട്രേലിയ 1-0, 3-2 എന്ന ക്രമത്തിലായിരുന്നു പരമ്പര പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ സന്ദര്‍ശിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 4-1ന് പരാജയപ്പെട്ടിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook