റാഞ്ചി: ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ നേടിയ 451റൺസ് മറകടക്കാൻ ഇന്ത്യൻ ടീം പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് എടുത്തിട്ടുണ്ട്. 130 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്ന ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നാലു വിക്കറ്റുകൾ ശേഷിക്കെ ഓസ്ട്രേലിയൻ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി 91 റൺസ് കൂടി വേണം.
ranchi, india, australia

മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ മുരളി വിജയ്‌യുടെയും പൂജാരയുടെയും കരുത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 102 റൺസാണ് ഇരുവരും രണ്ടാം വിക്കറ്റിൽ ഇന്ത്യയ്ക്കായി നേടിയത്. 82 റൺസ് എടുത്ത മുരളി വിജയ്‌യെ കീപ്പർ ഡ്വെയിൻ വേയിഡിന്റെ കയ്യിലെത്തിച്ച പാറ്റ് കമ്മിൻസ് ഈ കൂട്ട്കെട്ട് പിരിച്ചു. പരുക്കുണ്ടായിരുന്നിട്ടും വിരാട് കോഹ്‌ലി ക്രിസീൽ എത്തിയതോടെ ആരാധകർ ആവേശത്തിലായി. പക്ഷെ ആറു റൺസ് എടുക്കാൻ മാത്രമെ നായകന് കഴിഞ്ഞുള്ളു. പാറ്റ് കമ്മിൻസ് തന്നെയാണ് കോഹ്‌ലിയെ വീഴ്ത്തിയത്. എന്നാൽ ഇതിനിടെ മൂന്നക്കം പിന്നിട്ട ചേതേശ്വർ പൂജാര ചെറുത്തു നിന്നു.
ranchi, india, australia

പക്ഷെ പൂജാരയ്ക്ക് പിന്തുണ നൽകാൻ പിന്നീട് വന്നവർക്കായില്ല. 14 റൺസ് എടുത്ത് അജിങ്ക്യ രഹാനയും 23 റൺസ് എടുത്ത് കരുൺ നായരും പോരാട്ടം മതിയാക്കി. പിന്നീട് വന്ന അശ്വിനും കാര്യമായൊന്നും ചെയ്യാനായില്ല. നാല് വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിൻസാണ് ഓസീസിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പൂജാരയ്ക്ക് പിന്നീട് കൂട്ടായി എത്തിയ വൃദ്ധിമാൻ സാഹ പിടിച്ചു നിന്നു. 42 പന്ത് നേരിട്ട സാഹ 18 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

നാലാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ അതിവേഗം റൺസ് അടിച്ചുകൂട്ടി ലീഡ് നേടാനാകും ഇന്ത്യയുടെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ