ബ്രിസ്ബെയ്ൻ: പരമ്പര വിജയികളെ തീരുമാനിക്കുന്ന ഓസ്ട്രേലിയ – ഇന്ത്യ നാലാം ടെസ്റ്റ് മത്സരത്തിൽ സന്ദർശകർ പതറുന്നു. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 369 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ രണ്ടുപേരുടെയും വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.

ഏഴ് റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും രോഹിത്തിന്റെ ഇന്നിങ്സ് 44 റൺസിന് അവസാനിക്കുകയായിരുന്നു. അക്രമിച്ച് കളിച്ച രോഹിത് ലിയോണിന്റെ പന്തിൽ അനാവശ്യ ഷോട്ടിലൂടെ പുറത്താവുകയായിരുന്നു. എട്ട് റൺസുമായി പുജാരയും 2 റൺസെടുത്ത രഹാനെയുമാണ് ക്രീസിൽ.

ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 369 റൺസിന് പുറത്ത്. 274/5 എന്ന നിലയിൽ രണ്ടാം ദിനം കളി പുനഃരാരംഭിച്ച ഓസീസിന് 95 റൺസിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

രണ്ടാം ദിനമായ ഇന്ന് ടിം പെയ്‌ൻ (50), കാമറോൺ ഗ്രീൻ (47), പാറ്റ് കമ്മിൻസ് (2), നഥാൻ ലിൻ (24), ജോ ഹെയ്‌സൽവുഡ് (11) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. മിച്ചൽ സ്റ്റാർക് 20 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ മാർനസ് ലാബുഷെയ്ൻ സെഞ്ചുറി നേടിയതാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. 204 പന്തിൽ ഒൻപത് ഫോർ സഹിതം മാർനസ് ലാബുഷെയ്‌ൻ 108 റൺസ് നേടി. മാത്യു വെയ്‌ഡ് (45), സ്റ്റീവ് സ്‌മിത്ത് (36) എന്നിവരും ഓസ്‌ട്രേലിയക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.

Image

പരിചയ സമ്പത്ത് ഒട്ടുമില്ലാത്ത ഇന്ത്യൻ ബോളിങ്‌ നിര ഓസീസിനെ പ്രതിരോധിക്കുന്നതിൽ ഏറെക്കുറെ വിജയിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച വാഷിങ്ടൺ സുന്ദർ, ടി.നടരാജൻ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.

Read Also: കൊമ്പന്മാരെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാൾ; അവസാന മിനിറ്റിൽ സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

പരുക്കിന്റെ കെണിയിലാണ് ടീം ഇന്ത്യ. ഇതുവരെ മികച്ച പ്രകടനം നടത്തിയ ആർ.അശ്വിൻ, ജസ്‌പ്രീത് ബുംറ എന്നിവർ നാലാം ടെസ്റ്റിൽ കളിക്കുന്നില്ല. അശ്വിന് പകരം വാഷിങ്‌ടൺ സുന്ദർ ടീമിൽ ഇടം നേടി. ഷാർദുൽ താക്കൂറും ടി.നടരാജനും പേസ് നിരയിലേക്കും എത്തി. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗർവാൾ ബാറ്റിങ് നിരയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, റിഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, നവ്‌ദീപ് സൈനി, മുഹമ്മദ് സിറാജ്, ടി.നടരാജൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook