ബ്രിസ്ബെയ്ൻ: ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. സന്ദർശകരുടെയും ആതിഥേയരുടെയും അക്കൗണ്ടിൽ ഓരോ ജയം വീതവും മൂന്നാം മത്സരം സമനിലയാകുകയും ചെയ്തതോടെ ബ്രിസ്ബെയ്ൻ ടെസ്റ്റാകും പരമ്പര വിജയികളെ തീരുമാനിക്കുക. അതേസമയം, നിർണായക മത്സരത്തിന് മുമ്പ് പരുക്ക് ഇന്ത്യൻ ക്യാമ്പിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

അതുകൊണ്ട് തന്നെ ആദ്യ മൂന്ന് മത്സരങ്ങളിലും മത്സരത്തിന് ഒരു ദിവസം മുമ്പ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച പതിവ് ഇത്തവണ ഇന്ത്യ ആവർത്തിക്കില്ല. താരങ്ങളുടെ ഫിറ്റ്നസ് അവസാന നിമിഷം വരെ ഉറപ്പുവരുത്തുകയാണ് ഇന്ത്യൻ മെഡിക്കൽ സംഘം. ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ ടീമിലെ നിരവധി താരങ്ങൾ പരുക്കിന് പിടിയിലാണെന്ന് തുറന്നു സമ്മതിക്കുന്നു. അതിനാൽ മത്സര ദിവസം മാത്രമേ പ്ലെയിങ് ഇലവൻ ഉറപ്പിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ആശങ്ക വേണ്ട, ബ്രിസ്‌ബണിൽ കളിക്കാൻ ഇന്ത്യയ്‌ക്ക് 11 പേരുണ്ട്

“സ്ഥിതിഗതികൾ വിലയിരുത്തി വിരികയാണ്, ഇപ്പോൾ ഒന്നും പറയാനാകില്ല. കളിക്കാർക്ക് ഞങ്ങളാൽ കഴിയുന്നത്ര സമയം നൽകുകയാണ് ഇപ്പോൾ. നാളെ രാവിലെ അറിയാൻ സാധിക്കും,” വിക്രം റാത്തോർ പറഞ്ഞു.

Also Read: മുട്ടിക്കളിച്ച് ക്രിക്കറ്റിനെ കൊന്നു; വിഹാരിയെ പരിഹസിച്ച് മന്ത്രി, കിടിലൻ മറുപടി നൽകി താരം

ആദ്യ രണ്ട് മത്സരങ്ങൾക്ക് പിന്നാലെ പേസർമാരായ മുഹമ്മദ് ഷമിയെയും ഉമേഷ് യാദവിനെയും നഷ്ടമായ ഇന്ത്യ മൂന്നാം മത്സരത്തിലും പരുക്കുകൊണ്ട് വീർപ്പുമുട്ടി. ആദ്യ ഇന്നിങ്സിൽ റിഷഭ് പന്താണ് പരുക്കേറ്റ് ആദ്യം പുറത്ത് പോകുന്നത്. താരത്തിന്റെ അഭാവത്തിൽ പകരക്കാരനായി വൃദ്ധിമാൻ സാഹ വിക്കറ്റ് കീപ്പറായി. പിന്നാലെ അശ്വിനും വിഹാരിയും ജഡേജയുമെല്ലാം പരുക്കിന്റെ പിടിയിലായി.

ജഡേജയും വിഹാരിയും കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അശ്വിന്റെയും പന്തിന്റെയും ബുംറയുടെയും കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നത്. അസഹനീയമായ നടുവേദന സഹിച്ചാണ് മൂന്നാം മത്സരത്തിൽ അദ്ദേഹം ടീമിനെ സമനിലയിലേക്ക് നയിച്ചത്.

അങ്ങനെയെങ്കിൽ ജഡേജയ്ക്ക് പകരം ഷാർദുൽ ഠാക്കൂർ പ്ലേയിങ് ഇലവനിലെത്തും. ആഭ്യന്തര ക്രിക്കറ്റിലെ വലിയ അനുഭവ സമ്പത്ത് താരത്തിന് അവസരം നൽകുമെന്നാണ് കരുതുന്നത്. വിഹാരിക്ക് പകരം വൃദ്ധിമാൻ സാഹ ടീമിലെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ പന്ത് മുഴുനീള ബാറ്റ്സ്മാനാകും. അശ്വിന് പകരം വാഷിങ്ടൺ സുന്ദർ കളിച്ചേക്കും.

Also Read: ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്, കെസിഎയുടെ 1.37 ലക്ഷം രൂപ പാരിതോഷികം

മൂന്ന് പേസർമാരായിരിക്കും ടീമിൽ ഉണ്ടാകുക. പരുക്കേറ്റ ജസ്‌പ്രീത് ബുംറ കളിക്കുന്നില്ലെങ്കിൽ, മുഹമ്മദ് സിറാജ്, നവ്‌ദീപ് സൈനി എന്നിവർ പേസ് ആക്രമണത്തിനു നേതൃത്വം നൽകും. മൂന്നാം പേസറായി ഷാർദുൽ ഠാക്കൂറിന് അവസരം ലഭിച്ചേക്കും. മൂന്ന് പേസർമാർക്ക് പകരം നാല് പേസർമാരെ കളിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. അങ്ങനെ വന്നാൽ ടി.നടരാജന് കളിക്കാൻ അവസരം ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook