ഓസ്ട്രേലിയയ്ക്കെതിരായ റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ മൈതാനത്ത് ഇറങ്ങിയത് പ്രത്യേക ആർമി ക്യാപ്പ് അണിഞ്ഞായിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ താരങ്ങൾ ആർമി ക്യാപ്പ് ധരിച്ച് കളിച്ചത്. ടീം അംഗങ്ങളെല്ലാവരും അവരുടെ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ധീരജവാന്മാരുടെ കുടുംബത്തിന് നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇതിനെതിരെ രംഗത്ത് വന്നത് കായിക ലോകത്ത് വീണ്ടും ചർച്ചയായി.
ക്രിക്കറ്റിനെ രാഷ്ട്രീവത്കരിക്കുകയാണ് കോഹ്ലിയുടെ ടീമെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ അത് കാണേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണെന്നും, നടപടി സ്വീകരിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇന്ത്യയ്ക്കെതിരെ ഐസിസി നടപടിയെടുക്കില്ലായെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രത്യേക ആർമി ക്യാപ് ധരിക്കുന്നതിന് ബിസിസിഐ ഐസിസിയുടെ അനുമതി വാങ്ങിയിരുന്നു. ഐസിസി അധ്യക്ഷൻ ഡേവിഡ് റിച്ചാർഡ്സണിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ റാഞ്ചി ഏകദിനത്തിൽ ആർമി ക്യാപ്പണിഞ്ഞത്.
‘തങ്ങളുടെ തൊപ്പിക്ക് പകരം സൈന്യത്തിന്റെ തൊപ്പി ധരിച്ച് ഇന്ത്യന്‍ ടീം കളിക്കുന്നത് എല്ലാവരും കണ്ടതാണ്. ഐസിസി അത് കണ്ടില്ലേ? പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ അത് കാണേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണ്,’ ഖുറേഷി പറഞ്ഞു. മത്സരം ഇന്ത്യ 32 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു. മുൻ നായകനും ടീമിലെ സീനിയർ താരവുമായ എം.എസ്.ധോണിയാണ് ടീം അംഗങ്ങൾക്ക് സ്പെഷ്യൽ ക്യാപ് സമ്മാനിച്ചത്.