സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും പരിശീലകന്‍ അനില്‍ കുബ്ലെയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം ദി ഡെയ്‌ലി ടെലിഗ്രാഫ്. ബാഗ്ലൂര്‍ ടെസ്റ്റില്‍ കോഹ്ലിയും കുബ്ലെയും അപമര്യാദയായി പെരുമാറിയെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ബാഗ്ലൂര്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദം കെട്ടടങ്ങും മുമ്പെയാണ് പത്രത്തിന്റെ ആരോപണങ്ങള്‍.

രണ്ടാം ഇന്നിംഗ്‌സിലെ കോഹ്ലിയുടെ പുറത്താകലില്‍ വിശദീകരണം തേടി കുബ്ലെ മാച്ച് ഒഫീഷ്യലുകളുടെ ബോക്‌സിലേക്ക് ഇരച്ചുകയറിയെന്നും പത്രം ആരോപിക്കുന്നു. ഡിആര്‍എസ് റിവ്യൂവിലും കോഹ്ലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതിന് പിന്നാലെ കുബ്ലെ ക്ഷുഭിതനായെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.ഓസ്‌ട്രേലിയന്‍ ബോക്‌സിലേക്ക് നോക്കി ഹാന്‍ഡ്‌സ്‌കോമ്പിനെ ഉന്നമിട്ട് കഴുത്ത് കീറുമെന്ന ആംഗ്യം കാട്ടിയെന്നാണ് കോഹ്ലിയ്‌ക്കെതിരായ മറ്റൊരു ഗുരുതര ആരോപണം. മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന്‍ രണതുംഗയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നീചനായ നായകനാണ് കോഹ്ലി. ബാംഗ്ലൂര്‍ ടെസ്റ്റിന്റെ സ്പിരിറ്റ് കോഹ്ലിയാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലും പുറത്തും നടത്തിയ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാത്തത് വഴി കോഹ്ലിയുടെ അരാജകത്വത്തിന് ഐസിസി ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തി.

ബാഗ്ലൂര്‍ ടെസ്റ്റില്‍ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്ന് ഡ്രെസിങ് റൂമിലിരിക്കുന്നവരോട് ആരാഞ്ഞ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രവൃത്തി വിവാദമായിരുന്നു. സ്മിത്തിന്രെ പ്രവർത്തിക്ക് എതിരെ ബിസിസിഐ ഇന്നലെ പരാതി നൽകിയിരുന്നു. ഡിആർഎസ് വിവാദത്തിൽ സ്മിത്തിന് എതിരെ പരസ്യ വിമർശങ്ങളുമായി വിരാട് കോഹ്‌ലി രംഗത്ത് വന്നിരുന്നു. വിവാദത്തില്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തങ്ങളുടെ ടീമുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് എടുത്തത്. വിവാദം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കവെയാണ് ഓസീസ് പത്രത്തിന്റെ ഗുരുതര ആരോപണങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ