റാഞ്ചി: ആവേശമുണർത്തി റാഞ്ചിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് സമനിലയിൽ. അവസാന ദിവസം തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഷോൺ മാർഷ് – ഹാൻസ്കോമ്പ് കൂട്ടുകെട്ടിലൂടെ ഓസ്ട്രേലിയ ചെറുത്തു നിൽക്കുന്നതോടെ റാഞ്ചി ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയ ഇരുവരും ഓസ്ട്രേലിയയെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. അഞ്ചാം ദിനത്തിലെ അവസാന സെഷനിൽ മാർഷിന്രെയും മാക്സ്‌വെല്ലിന്രെയും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പീറ്റർ ഹാൻസ്കോംമ്പ് (72) ഓസ്ട്രേലിയക്ക് സമനില സമ്മാനിച്ചു.

അഞ്ചാം ദിനം 2 വിക്കറ്റിന് 23 റൺസ് എന്ന നിലയിൽ കളി​ ആരംഭിച്ച ഓസ്ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ മാറ്റ് റെൻഷോയെയും സ്റ്റീവ് സ്മിത്തിനെയും അടുത്തടുത്ത​ ഓവറുകളിൽ വീഴ്ത്തി ഇന്ത്യ വിജയത്തിനായി പൊരുതി. റെൻഷോയെ ഇശാന്ത് ശർമ്മയും സ്മിത്തിനെ ജഡേജയുമാണ് മടക്കിയത്. എന്നാൽ പിന്നീട് എത്തിയ മിച്ചൽ മാർഷും, ഹാൻസ് കോമ്പും ചെറുത്തു നിന്നതോടെ കളി സമനിലയിലേക്ക് നീങ്ങുകയായിരുന്നു. മാർഷിന്രെയും മാക്സ്‌വെല്ലിന്രെയും വിക്കറ്റുകൾ പിഴുത് ഇന്ത്യ വിജയത്തിനായി വിയർത്തു കളിച്ചെങ്കിലും ഓസ്ട്രേലിയ സമനിലയുമായി തടിതപ്പുകയായിരുന്നു.

ആദ്യ ഇന്നിങ്ങ്സിൽ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യയുടെ ചേതേശ്വർ പൂജാരയാണ് കളിയിലെ താരം. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച ധരംശാലയിൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ