ബ്രിസ്ബെയ്ൻ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് നാളെ ക്ലൈമാക്‌സ്. ഒരു ദിനം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 324 റൺസ്, പത്ത് വിക്കറ്റ് കയ്യിലുണ്ട്. അവസാന ദിനം ബോളർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ കൂടുതൽ വിയർക്കും. എങ്കിലും ഓസീസ് ബോളർമാരെ പ്രതിരോധിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് ചരിത്രമെഴുതാം.

വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുംറ, ആർ.അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ തുടങ്ങിയ മുൻനിര താരങ്ങളുടെ അസാന്നിധ്യത്തിലും അസാമാന്യ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീം ഓസീസ് മണ്ണിൽ പുറത്തെടുത്തത്. ഈ ആത്മവിശ്വാസവും പോരാട്ടവീര്യവും തുടർന്നാൽ നാലാം ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയ്‌ക്ക് സ്വന്തം. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോൾ. ഒരു മത്സരം സമനിലയിലായി. ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ നാലാം ടെസ്റ്റിലെ വിജയം ഇരു ടീമുകൾക്കും അനിവാര്യം.

Read Also: അനുഷ്‌കയ്ക്ക് ഇരട്ടി സന്തോഷം; ട്വിറ്റർ ബയോ മാറ്റിയെഴുതി വിരാട് കോഹ്‌ലി

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഓസീസ് 294 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ ഓസീസിന് 33 റൺസിന്റെ ലീഡ് ഉണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്‌മിത്ത് അർധ സെഞ്ചുറി നേടി. 74 പന്തിൽ ഏഴ് ഫോർ സഹിതം 55 റൺസാണ് സ്‌മിത്ത് നേടിയത്. ഡേവിഡ് വാർണർ 75 പന്തിൽ നിന്ന് 48 റൺസും മർകസ് ഹാരിസ് 82 പന്തിൽ നിന്ന് 38 റൺസും കാമറൂൺ ഗ്രീൻ 90 പന്തിൽ 37 റൺസും നേടി ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് നേടി. ഷാർദുൽ താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലുമാണ് ഇപ്പോൾ ക്രീസിൽ. രോഹിത് ശർമ നാല് റൺസ് നേടിയിട്ടുണ്ട്. അഞ്ചാം ദിനമായ നാളെ ആദ്യ സെഷൻ വിക്കറ്റ് നഷ്ടമാകാതെ പൂർത്തിയാക്കാനായിരിക്കും ഇന്ത്യ ലക്ഷ്യമിടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook