സിഡ്‌നി: ചേതേശ്വര്‍ പൂജാരയുടെ ക്ലാസിക് ബാറ്റിങ്ങിന് ശേഷം യുവതാരം ഋഷഭ് പന്തിന്റെ വണ്‍ഡേ സ്റ്റൈല്‍ ബാറ്റിങ്ങിന് സാക്ഷ്യം വഹിച്ച് സിഡ്‌നി. നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂജാരയ്ക്ക് പിന്നാലെ പന്തും സെഞ്ചുറി തികച്ചിരിക്കുകയാണ്. ഇതോടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

138 പന്തുകളില്‍ നിന്നുമാണ് പന്ത് സെഞ്ചുറി നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ 329-5 എന്ന നിലയിലെത്തി നില്‍ക്കെയാണ് പന്ത് ക്രീസിലേക്ക് എത്തുന്നത്. ചേതേശ്വര്‍ പൂജാരയുമൊത്ത് 89 റണ്‍സ് പന്ത് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്തു. എന്നാല്‍ 193 റണ്‍സെടുത്ത് പൂജാര മടങ്ങിയതോടെ കളിയുടെ നിയന്ത്രണം പന്ത് ഏറ്റെടുക്കുകയായിരുന്നു.

പിന്നാലെ വന്ന രവീന്ദ്ര ജഡേജയും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ അതിവേഗം മുന്നോട്ട് കുതിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 100 റണ്‍സിലധികം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഏഷ്യക്ക് പുറത്ത് ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്ത് ഇന്നിങ്സിനിടെ സ്വന്തമാക്കി. 1959ല്‍ വിന്‍ഡീസിനെതിരെ മഞ്ജരേക്കര്‍ നേടിയ 118 റണ്‍സായിരുന്നു ഇതിനുമുമ്പുള്ള റെക്കോര്‍ഡ്. ഓസ്‌ട്രേലിയയില്‍ 150 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി മാറി ഇതോടെ പന്ത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഏഴാമത് ഇറങ്ങി സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും ഇന്നത്തോടെ പന്തിന് മാത്രം സ്വന്തം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook