ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുത്തൻ താരോദയം കൂടി, കുൽദീപ് യാദവ്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റുകളെടുത്താണ് തുടക്കം ഗംഭീരമാക്കിയത്. ഡേവിഡ് വാർണർ, പീറ്റർ ഹാൻഡ്‌സ്കോമ്പ്, ഗ്ളെൻ മാക്‌സ്‌വെൽ, കമ്മിൻസ് എന്നിവരെയാണ് കുൽദീപ് പുറത്താക്കിയത്. ഇതിൽ മാക്‌സ്‌വെല്ലിനെയും ഹാൻഡ്‌സ്കോമ്പിനെയും ക്ളീൻബൗൾടാക്കുകയായിരുന്നു ഈ യുവ താരം. അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണറായിരുന്നു ടെസ്‌റ്റ് ക്രിക്കറ്റിലെ കുൽദീപിന്റെ കന്നി വിക്കറ്റിന് ഇരയായത്. 23 ഓവറിൽ 68 റൺസ് വിട്ടു കൊടുത്തായിരുന്നു കുൽദീപിന്റെ മാസ്‌മരിക പ്രകടനം. ഇതിൽ മൂന്ന് മെയ്‌ഡൻ ഓവറും ഉൾപ്പെടുന്നു.

2014ൽ യുഎഇയിൽ നടന്ന അണ്ടർ 19 ലോകകപ്പിലൂടെയാണ് കുൽദീപ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ആറ് മത്സരങ്ങളിൽ നിന്ന 14 വിക്കറ്റാണ് അന്ന് കുൽദീപ് സ്വന്തമാക്കിയത്. ഇതിൽ സ്‌കോട്‌ലൻഡിനെതിരെയുളള ഹാട്രിക്കും ഉൾപ്പെടും. ടൂർണമെന്റിൽ ഏറ്റവും വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരമായിരുന്നു കുൽദീപ്. ടൂർണമെന്റിലെ മൂന്നാമത്തെ ഉയർന്ന വിക്കറ്റ് നേട്ടക്കാരനും. അണ്ടർ 19 ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായി ഹാട്രിക്ക് നേടുന്ന താരവുമായി ഈ ഉത്തർപ്രദേശുകാരൻ. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ് താരമാണ് ഇദ്ദേഹം.

ക്രിക്കറ്റ് ലോകം മൊത്തം പ്രശംസ കൊണ്ട് മൂടുകയാണ് ഈ ബോളറെ. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ വരെ കുൽദീപിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കുൽദീപിന്റെ തുടക്കവും പ്രകടനവും തന്നിൽ മതിപ്പുളവാക്കിയെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

മുരളി വിജയ്, രോഹിത് ശർമ്മ ഉൾപ്പടെയുളള താരങ്ങളും പ്രശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ