ധരംശാല: നിർണായകമായ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം പൂർത്തിയാകുന്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 300 റൺസ് മറികടക്കാൻ ഇന്ത്യയ്ക്കിനി 52 റൺസ് കൂടി വേണം.

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം ആശാവഹമായിരുന്നില്ല. സ്കോർ 21ൽ നിൽക്കെ 11 റൺസ് എടുത്ത മുരളി വിജയ്‌യുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഫാസ്റ്റ് ബോളർ ജോഷ് ഹെയ്സൽവുഡിനാണ് വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ.രാഹുലും പൂജാരയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും അർധസെഞ്ചുറി പിന്നിട്ടപ്പോൾ ഇന്ത്യ അനായാസം ഓസീസ് സ്കോർ മറികടക്കുമെന്ന് തോന്നിപ്പിച്ചു.

Australia’s Josh Hazlewood celebrates the dismissal of India’s Murali Vijay, right, during the second day of their fourth test cricket match in Dharmsala, India, Sunday, March 26, 2017. (AP Photo/Tsering Topgyal)

സ്കോർ 108ൽ നിൽക്കെ പാറ്റ് കമ്മിൻസിന്റെ പ്രകോപനത്തിൽ കെ.എൽ.രാഹുൽ വീണപ്പോൾ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. കമ്മിൻസിന്റെ പന്ത് അതിർത്തി കടത്താൻ മുതിർന്ന രാഹുലിന്റെ ശ്രമം വാർണ്ണറുടെ കൈകളിലാണ് അവസാനിച്ചത്. മൂന്നാമനായി എത്തിയ അജിങ്ക്യ രഹാനെ ഓസീസ് ബൗളർമാരെ കടന്നാക്രമിച്ചു. 57 റൺസ് എടുത്ത പൂജാരയുടെ വിക്കറ്റ് ലയോൺ വീഴ്ത്തിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി. പീന്നീടെത്തിയ മലയാളിതാരം കരുൺ നായർ റൺസ് കണ്ടെത്തുന്നതിൽ വീണ്ടും പരാജയപ്പെട്ടു. 5 റൺസ് എടുത്ത കരുൺ നായരെ നൈഥൻ ലെയോൺ തന്നെയാണ് പുറത്താക്കിയത്. ധരംശാലയിലെ പിച്ചിൽ സ്പിന്നർമാരുടെ പന്തുകൾ കുത്തിത്തിരിയാൻ തുടങ്ങിയതോടെ സ്കോറിങ് മന്ദഗതിയിലായി.

47 റൺസ് എടുത്ത നായകൻ രഹാനയെയും, 30 റൺസ് എടുത്ത അശ്വിനെയും ലെയോൺ മടക്കിയതോടെ ഇന്ത്യ തകർന്നടിയുമെന്ന് തോന്നിപ്പിച്ചു. എന്നാൽ പിന്നീടെത്തിയ രവീന്ദർ ജഡേജയും സാഹയും ഇന്ത്യയെ തകരാതെ കാത്തു. രണ്ടാം ദിനം കളി അവാസനിക്കുമ്പോൾ 16 റൺസ് എടുത്ത് ജഡേജയും, 10 റൺസ് എടുത്ത് സാഹയുമാണ് ക്രീസിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ