സിഡ്നി: ഇന്ത്യയും ഓസീസും തമ്മിലുളള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ അഞ്ചാം ദിനം പൂർണ്ണമായും മഴ കൊണ്ടുപോയി. ഉച്ചവരെയുളള കളി തടസപ്പെട്ടതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്തമിച്ചെങ്കിലും ആദ്യ മൂന്ന് ടെസ്റ്റിൽ 2-1 ന് മുന്നിൽ നിന്നത് നേട്ടമായി.

ആദ്യ ഇന്നിങ്സിൽ 622 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 300 റൺസിൽ അവസാനിച്ചു. 322 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ ഓസീസിനെ ഫോളോ ഓണിന് അയച്ചു. എന്നാൽ നാലാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയിൽ ഓസീസ് നിൽക്കെ വെളിച്ചമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കളി അവസാനിപ്പിച്ചു.

Also Read: ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതി കോഹ്‍ലിപ്പട; ഓസീസ് മണ്ണിലെ ആദ്യ പരമ്പര നേട്ടം

അഞ്ചാം ദിനവും കാലാവസ്ഥ വില്ലനായതോടെ ഒരു പന്ത് പോലും എറിയാനാകാതെ കളി സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം.

ഇംഗ്ലണ്ട് 1988 ലാണ് ഇതിന് മുൻപ് ഓസീസിനെ അവരുടെ നാട്ടിൽ ഫോളോ ഓൺ ചെയ്യിച്ചിട്ടുളളത്. നീണ്ട 31 വർഷത്തിന് ശേഷം ഇന്ത്യയാണ് ഓസീസിനെ അവരുടെ നാട്ടിൽ ഫോളോ ഓൺ ചെയ്യിച്ചത്. നാലാം ടെസ്റ്റിൽ ഇന്ത്യ 316 റൺസിന് മുന്നിൽ നിൽക്കെയാണ് മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ, ഓസീസിനെ അവരുടെ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ മുട്ടുകുത്തിക്കുന്നത്. ഈ കളി സമനിലയിലായെങ്കിലും ഇന്ത്യക്ക് അഭിമാനിക്കാനാവും. ഓസീസിനെ അവരുടെ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook