ബ്രിസ്ബെയ്ൻ: ഗബ്ബാ ടെസ്റ്റിൽ വാലറ്റത്തിന്റെ ബാറ്റിങ് മികവിൽ കൂറ്റൻ ലീഡ് ഒഴവാക്കി ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 336 റൺസ് നേടി. താക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും പ്രകടനമാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് തുണയായത്. അതേസമയം 33 റൺസിന്റെ ലീഡാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്കുള്ളത്.
Also Read: ആ ഷോട്ട് കളിച്ചതിൽ കുറ്റബോധമില്ല; അത്തരം ഷോട്ടുകൾ ഇനിയും കളിക്കും: മറുപടിയുമായി രോഹിത്
25 റൺസെടുത്ത പുജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. അജിങ്ക്യ രഹാനെ 37 റൺസിനും മായങ്ക് അഗർവാൾ 38 റൺസിനും കൂടാരം കയറി. പുജാരയെയും മായങ്കിനെയും പുറത്താക്കി ജോഷ് ഹെയ്സൽവുഡ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരം ഏൽപ്പിക്കുകയായിരുന്നു.
കാര്യമായ സംഭാവന നൽകാതെ പന്തും (23) പുറത്തായതോടെ ഇന്ത്യ പതറി. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന വാഷിങ്ടൺ സുന്ദറും ഷാർദുൽ താക്കൂറും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു. ഇരുവരും അർധസെഞ്ചുറി നേടിയ ശേഷമാണ് ക്രീസ് വിട്ടത്. സുന്ദർ 62ഉം താക്കൂർ 67ഉം റൺസ് കണ്ടെത്തി. ഇരുവരും പുറത്തായതോടെ പിന്നാലെ എത്തിയവരും അതിവേഗം കൂടാരം കയറുകയായിരുന്നു.
Also Read: ഐപിഎൽ, വീട്, ബെൻസ്, 2023 ലോകകപ്പ്; ലക്ഷ്യങ്ങളിലേക്ക് പ്രതീക്ഷയോടെ അസ്ഹറുദ്ദീൻ
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 369 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ രണ്ടുപേരുടെയും വിക്കറ്റുകൾ നേരത്തെ നഷ്ടമായിരുന്നു. ഏഴ് റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും രോഹിത്തിന്റെ ഇന്നിങ്സ് 44 റൺസിന് അവസാനിച്ചു. ആക്രമിച്ച് കളിച്ച രോഹിത്, ലിയോണിന്റെ പന്തിൽ അനാവശ്യ ഷോട്ടിലൂടെ പുറത്താവുകയായിരുന്നു.