പരമ്പര വിജയികളെ തീരുമാനിക്കുന്ന ഗബ്ബ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. സെഞ്ചുറി നേടിയ ലബുഷെയ്ന്റെ ബാറ്റിങ് പ്രകടനത്തിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 274 റൺസെടുത്തിട്ടുണ്ട്. 28 റൺസുമായി കമറൂൺ ഗ്രീനും 38 റൺസെടുത്ത നായകൻ ടിം പെയ്നുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ 17ൽ എത്തിയപ്പോഴേക്കും ഓപ്പണർമാർ രണ്ടുപേരും പുറത്ത്. പൊരുതാനുറച്ച സ്മിത്തിനെയും അതിവേഗം കൂടാരം കയറ്റാൻ ഇന്ത്യൻ ബോളർമാർക്കായി. എന്നാൽ പരമ്പരയിലുടനീളം മികച്ച ഫോമിൽ തുടരുന്ന ലബുഷെയ്ൻ ഒരിക്കൽകൂടി പക്വതയോടെ കാര്യങ്ങളെ സമീപിച്ചു. ഇന്ത്യൻ ബോളർമാരെ മനസിലാക്കി അവർക്കെതിരെ സ്കോർ ചെയ്ത ലബുഷെയ്ൻ ഓസ്ട്രേലിയയുടെ രക്ഷകനാവുകയായിരുന്നു.

ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജ് ഡേവിഡ് വാർണറിനെ (1) രോഹിത് ശർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടെ 5 റൺസെടുത്ത മാർക്കസ് ഹാരിസും പുറത്തായി. ഇത്തവണ ഷാർദുൽ ഠാക്കൂറിനാണ് വിക്കറ്റ്. 36 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെ വാഷിങ്ടൺ സുന്ദറും മടക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്ഡ് ലബുഷെയ്ൻ സഖ്യം ഇന്ത്യൻ ബോളർമാരെ നിസഹായരാക്കി.

സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരെയും പുറത്താക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത് നടരാജനായിരുന്നു. 45 റൺസെടുത്ത വെയ്ഡിനെ നടരാജൻ ഠാക്കൂറിന്റെ കൈകളിലേക്കും 108 റൺസെടുത്ത ലബുഷെയ്നിനെ പന്തിന്റെ കൈകളിലേക്കും എത്തിക്കുകയായിരുന്നു.

Read Also: അശ്വിന് 800 വിക്കറ്റ് നേട്ടത്തിലെത്താൻ കഴിയും; മറ്റാർക്കും അതിന് കഴിയില്ല: മുത്തയ്യ മുരളീധരൻ

പരുക്കിന്റെ കെണിയിലാണ് ടീം ഇന്ത്യ. ഇതുവരെ മികച്ച പ്രകടനം നടത്തിയ ആർ.അശ്വിൻ, ജസ്‌പ്രീത് ബുംറ എന്നിവർ നാലാം ടെസ്റ്റിൽ കളിക്കുന്നില്ല. അശ്വിന് പകരം വാഷിങ്‌ടൺ സുന്ദർ ടീമിൽ ഇടം നേടി. ഷാർദുൽ താക്കൂറും ടി.നടരാജനും പേസ് നിരയിലേക്കും എത്തി. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗർവാൾ ബാറ്റിങ് നിരയിൽ ഇടം പിടിച്ചു.

Image

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, റിഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, നവ്‌ദീപ് സൈനി, മുഹമ്മദ് സിറാജ്, ടി.നടരാജൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook