ഇന്ത്യയുടെ ഓസ്ട്രലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് അവസാന ദിവസത്തിലേക്ക് നീണ്ടിരിക്കുകയാണ്. വെളിച്ച കുറവ് മൂലം നാലാം ദിനവും കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ നേരത്തെ കളി അവസാനിപ്പിച്ചതിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ.

മുൻ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്ര, മൈക്കിൾ ക്ലർക്ക് എന്നിവർ ഉൾപ്പടെ നിരവധി പേരാണ് അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്. മത്സരം തുടരാൻ അവശ്യമായ വെളിച്ചം സിഡ്നിയിൽ ഉണ്ടായിരുന്നവെന്നാണ് മുൻ താരങ്ങൾ അവകാശപ്പെടുന്നത്.

നേരത്തെ മഴ കാരണം നാലാം ദിനത്തിന്റെ ആദ്യ സെഷൻ പൂർണമായും ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മൂന്നാമത്തെ സെഷനും ഒഴിവാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 622 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആതിഥേയർ 300 റൺസിന് പുറത്തായിരുന്നു. ഇതേ തുടർന്ന് ഇന്ത്യ ഓസ്ട്രേലിയയെ ഫോളോ ഓണിന് അയച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ആറ് ഓവറുകൾ മാത്രമാണ് ഇന്ത്യ എറിഞ്ഞത്.

ഇതിന് ശേഷമാണ് അമ്പയറിന്രെ തീരുമാനത്തിനെതിരെ മുൻ ഓസിസ് നായകൻ മൈക്കിൾ ക്ലർക്ക് രംഗത്തെത്തിയത്. ഡേ-നൈറ്റ് ടെസ്റ്റുകളും, ഏകദിനങ്ങളും, ടി20 മത്സരങ്ങളും ഇവിടെ നടക്കുന്നതായിരുന്നു എന്നാണ് ക്ലർക്ക് പറഞ്ഞത്. പിന്നെ എങ്ങനെയാണ് അമ്പയർ ഇപ്പോൾ മത്സരം നിർത്തിവച്ചതെന്ന് ക്ലർക്ക് ചോദിച്ചു.

ട്വിറ്ററിലൂടെയായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. “വെളിച്ചം ഉണ്ടായിരുന്നു, മഴ പെയ്തില്ല. ഔട്ട്ഫീൾഡിനും പിച്ചിനും യാതൊരു പ്രശ്നവുമില്ല. എന്നിട്ടും മത്സരം തുടർന്നില്ല. ലൈറ്റിന് കീഴെ റെഡ് ബോളിൽ കളിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം മനസ്സിലാക്കുന്നു. എന്നാൽ പണം മുടക്കി കാണാൻ വരുന്നവരുടെ കാര്യം കൂടി മാനിക്കേണ്ടതായിരുനന്നു,” ആകാശ് ചോപ്ര കുറിച്ചു.

ഒന്നാം ഇന്നിങ്സിൽ ഓസീസിനെ ഇന്ത്യ 300 റൺസിനാണ് പുറത്താക്കിയത്. ഇതോടെ ഇന്ത്യ 322 റൺസിന്റെ ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് എടുത്തിരുന്നു. ഓസീസിന് ഫോളോ ഓൺ ഒഴിവാക്കാൻ 386 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്. എന്നാൽ നാലാം ദിനത്തിൽ ഓസീസിന്റെ ആദ്യ ഇന്നിങ്സ് 300 ൽ​ അവസാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook