ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിനം നാളെ മൊഹാലിയിൽ നടക്കും. റാഞ്ചിയിൽ കൈവിട്ട ജയം മൊഹാലിയിൽ സ്വന്തമാക്കി പരമ്പര നേടാനാകും ഇന്ത്യ ഇറങ്ങുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലുള്ളത്.
Also Read: 48.2 ഓവറിലെ ഭൂതം; ആരാധകരെ അത്ഭുതപ്പെടുത്തി അവസാന മൂന്ന് മത്സരത്തിലെ ഇന്ത്യൻ ഓവർ നിരക്ക്
ലോകകപ്പ് കൂടി മുന്നിൽ കണ്ടാകും നാളെ ഇന്ത്യ ഇറങ്ങുക. ലോകകപ്പിന് മുമ്പായി ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ടീം സെലക്ഷനിലെ അവസാനവട്ട തീരുമാനങ്ങൾ ഈ മത്സരരങ്ങളിൽ നിന്നുണ്ടാകും എന്നത് കൊണ്ട് തന്നെ പരീക്ഷണങ്ങൾക്കും ഇന്ത്യ തയ്യാറാകും.
സീനിയർ താരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി കഴിഞ്ഞു. അടുത്ത രണ്ട് മത്സരങ്ങളിലും ധോണിയ്കക്ക് വിശ്രമം അനുവദിക്കാനാണ് തീരുമാനം. മൂന്നാം ഏകദിനത്തിൽ പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയ്ക്കും ഇന്ത്യ വിശ്രമം അനുവദിക്കും.
Also Read: ‘ഐ.സി.സി ഇതൊന്നും കാണുന്നില്ലെ?; ഇന്ത്യന് ടീം സൈനിക തൊപ്പി അണിഞ്ഞതിനെതിരെ പാക്കിസ്ഥാന്
നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമായാൽ മാത്രമാകും ഷമി ടീമിൽ മടങ്ങിയെത്തുക. ഇല്ലെങ്കിൽ ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി കളിയ്ക്കും. ധോണിയ്ക്ക് പകരക്കാരാനായി എത്തുക യുവതാരം ഋഷഭ് പന്താകും. ലോകകപ്പിന് മുമ്പ് പന്തിന് അവസരം നൽകുമെന്ന് മുഖ്യസെലക്ടർ എംഎസ്കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദിന ടീമിൽ അധികം അവസരം ലഭിക്കാത്ത പന്തിന് ലോകകപ്പിന് മുന്നോടിയായി ലഭിക്കുന്ന അവസാന പരമ്പരയാകും ഇത്.
ഓപ്പണർ ശിഖർ ധവാന്റെ ഫോമില്ലായ്മ ടീമിന് തലവേദനയാണ്. കഴിഞ്ഞ 16 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ശിഖർ ധവന് അർധസെഞ്ചുറി തികയ്ക്കാനായത്. മികച്ച ഫോമിലുള്ള രാഹുലിനെ ആദ്യ ഇലവനിൽ കൊണ്ടുവന്നാൽ ധവാൻ പുറത്താകും. നാലാം നമ്പരിലുള്ള അമ്പാട്ടി റയിഡുവും അത്ര മികച്ച ഫോമിലല്ല. അമ്പാട്ടി റയിഡുവിനും വില്ലനാവുക രാഹുലായിരിക്കും. ഓപ്പണർമാരുമായി നല്ലകൂട്ടുകെട്ട് സ്ഥാപിക്കാൻ കഴിയുന്ന രാഹുലിനെ മൂന്നാം നമ്പരിൽ കൊണ്ടുവന്ന് നായകൻ കോഹ്ലി നാലാം നമ്പരിലും ബാറ്റ് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
Also Read:സച്ചിനേക്കാളും ലാറയേക്കാളും കേമൻ കോഹ്ലി തന്നെ; ഉറപ്പിച്ച് മുൻ ഇംഗ്ലീഷ് താരം
ഇന്ത്യൻ ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റയിഡു, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്.