റാഞ്ചി: ഡിആർഎസ് വിവാദവും, വിരാട് കോഹ്‌ലിയും- സ്റ്റീഫൻ സ്മിത്തും തമ്മിലുള്ള വാക്പോരുകൾക്കും താൽക്കാലിക ഇടവേള. ഇനി ബാറ്റു കൊണ്ടും പന്തു കൊണ്ടും ഏറ്റുമുട്ടാം. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തിനായി റാഞ്ചി ഒരുങ്ങിക്കഴിഞ്ഞു. ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരം റാഞ്ചി മൈതാനത്ത് നടക്കുന്നത്. ബോർഡർ- ഗവാസ്ക്കർ ട്രോഫി ആര് നേടുമെന്നത് ഈ മത്സരഫലം നിർണയിക്കും. ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇരു ടീമുകൾക്കും റാഞ്ചിയിലെ മത്സരം നിർണായകമാണ്.

ആദ്യ മത്സരത്തിൽ തോറ്റതിന് ശേഷം ബംഗളൂരു ടെസ്റ്റിൽ വിജയത്തോടെ തിരിച്ചുവന്ന വിരാട് കോ‌ഹ്‌ലിയും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരുക്കേറ്റ ഹാർദിഖ് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും അന്തിമ ഇലവനിൽ ഇന്ത്യൻ ടീം മാറ്റം വരുത്താൻ ഇടയില്ല. റാഞ്ചിയിലെ പിച്ചും സ്പിന്നിനെ തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാദങ്ങൾ മറക്കാമെന്നും മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിരാട് കോഹ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സ്റ്റീഫൻ സ്മിത്തിന് എതിരായ ആരോപണങ്ങളിൽ നിന്നും പിന്മാറുന്നില്ലെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.

മറുവശത്ത് പ്രമുഖ താരങ്ങളുടെ പരുക്ക് ഓസ്ട്രേലിയക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടങ്കയ്യൻ ഫാസ്റ്റ് ബോളർ മിച്ചൽ സ്റ്റാർക്കും, ഔൾറൗണ്ടർ മിച്ചൽ മാർഷും പരുക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. മിച്ചൽ സ്റ്റാർക്കിന് പകരം ആരെ പരിഗണിക്കുമെന്ന ആശയക്കുഴപ്പം ഓസ്ട്രേലിയയ്ക്ക് ഉണ്ട്. 5 വർഷത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ പാറ്റ് കമ്മിൻസോ, യുവതാരം മാർക്കസ് സ്റ്റോണിസോ ആയിരിക്കും പകരക്കാരൻ. മിച്ചൽ മാർഷിന് പകരം ഉസ്മാൻ ഖ്വാജയായിരിക്കും അന്തിമ ഇലവനിൽ ഇടംപിടിക്കുക. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ഓക്കീഫും ലയോണും ഫോമിലേക്ക് ഉയർന്നാൽ ഓസ്ട്രേലിയക്ക് വിജയം സ്വപ്നം കാണാൻ ആകും.

മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് റാഞ്ചിയിലെ പിച്ചിനെപ്പറ്റിയാണ് ഏവരുടെയും ചർച്ച. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ മത്സരം 3 ദിവസം മാത്രമേ നീണ്ടുനീൽക്കൂ എന്നാണ് വിദഗ്‌ധർ പറയുന്നത്. എന്തായാലും ഇരു ടീമുകളുടെയും സ്പിന്നർമാരുടെ പ്രകടനമായിരിക്കും വിജയം നിർണയിക്കുക. ക്ഷമാപൂർവം കളിക്കുന്ന ബാറ്റ്സ്മാൻമാർക്കും നേട്ടമുണ്ടാക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ