മുംബൈ: കഴിഞ്ഞ രണ്ട് ടെസ്റ്റിലും അമ്പേ പരാജയപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ടിനെ പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് അവസരം നല്കാന് തീരുമാനിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം മായങ്ക് അഗര്‍വാളിന് അരങ്ങേറ്റത്തിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരാകും മായങ്കിന്റെ പങ്കാളി എന്നതിനെ ചൊല്ലി ആരാധകര്‍ക്കിടയില്‍ ആശങ്ക ബാക്കിയാണ്. ഏകദിനത്തിലെ ഓപ്പണറായ രോഹിത് ശര്മ്മയാകുമോ അതോ യുവതാരം ഹനുമ വിഹാരിയാകുമോ ഓപ്പണര്‍ എന്നാണ് ആരാധകരുടെ സംശയം.
ടീം പ്രഖ്യാപിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഈ സംശയം മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദിനോട് ആരാഞ്ഞിരുന്നു. അദ്ദേഹം മായങ്കിനൊപ്പം ഓപ്പണ്‍ ചെയ്യുക വിഹാരിയായിരിക്കുമെന്നാണ് അറിയിച്ചത്.
”മായങ്കിനെ വിളിച്ചത് അവന്റെ ആഭ്യന്തര ക്രിക്കറ്റിലെ ഫോമും ഇന്ത്യ എയ്ക്കു വേണ്ടിയുള്ള പ്രകടനവും കാരണമാണ്. അതുകൊണ്ട് സ്വാഭാവികമായും മായങ്ക് തന്നെ ഓപ്പണ്‍ ചെയ്യും. അതുപോലെ തന്നെ തന്റെ ടെക്നിക്കുകള്‍ മികച്ചതാണെന്ന് വിഹാരി ഇതിനോടകം തന്നെ എല്ലാവരേയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. അടുത്ത രണ്ട് ടെസ്റ്റിലും ഓപ്പണിങ്ങില്‍ വിഹാരിക്ക് വിജയിക്കാനായില്ലെങ്കില്‍ അവന് മിഡില്‍ ഓര്‍ഡറില്‍ വീണ്ടും അവസരം കൊടുക്കും” പ്രസാദ് പറഞ്ഞു.
”നിലവിലെ ഫോം കണക്കിലെടുത്താല്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. അത് ദൗര്‍ഭാഗ്യകരമാണ്. പക്ഷെ പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കണം. പാര്‍ത്ഥിവ് പട്ടേലിന് നല്കാന് കഴിയാത്തത് എന്ത്? വിഹാരിക്ക് നല്കാന് കഴിയുന്നതെന്ത്? എന്നൊക്കെ നോക്കിയാണ് കോമ്പിനേഷന്‍ തീരുമാനിച്ചത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയിലെ പേസ് ബോളിനെ നേരിടാനുള്ള സാങ്കേതിക മികവ് രോഹിത് ശര്‍മ്മയേക്കാളും വിഹാരിക്കുണ്ടെന്നും ടെസ്റ്റില്‍ ദീര്‍ഘനാള്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിക്കുമെന്നതായി പ്രതീക്ഷിക്കുന്നുവെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. രണ്ട് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള വിഹാരി മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, വിഹാരിയെ ഓപ്പണ്‍ ചെയ്യിക്കുക എന്നത് അവസാന ഉത്തരമല്ലെന്നും മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.