മെല്‍ബണ്‍: ഇന്ത്യക്കും വിജയത്തിനും ഇടയില്‍ ഇനി വെറും രണ്ട് വിക്കറ്റിന്റെ ദൂരം. ഓസീസ് നായകന്‍ ടിം പെയ്ന്‍ കൂടെ പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ വിജയ സാധ്യത തെളിഞ്ഞത്. 67 പന്തില്‍ നിന്നും 26 റണ്‍സെടുത്ത പെയ്‌നിനെ പുറത്താക്കിയത് രവീന്ദ്ര ജഡേജയാണ്. മൂന്ന് വിക്കറ്റുമായി ജഡേജയാണ് ഇന്നത്തെ ദിവസം തിളങ്ങിയത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണുമാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ ഇനിയും 184 റണ്‍സ് വേണം.

ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനേയും മിച്ചല്‍ മാര്‍ഷിനേയും ടിം പെയ്‌നേയും പുറത്താക്കിയത് ജഡേജയാണ്. കഴിഞ്ഞ ഇന്നിങ്‌സിലെ ഫോം ഇന്നും തുടര്‍ന്ന ബുംറ ഇന്ന് രണ്ട് വിക്കറ്റുകള്‍ വീഴത്തി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനേയും ഷോണ്‍ മാര്‍ഷിനേയുമാണ് ബുംറ പുറത്താക്കിയത്. ട്രാവിസ് ഹെഡിനെ ഇശാന്തും ഉസ്മാന്‍ ഖ്വാജയേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും മുഹമ്മദ് ഷമിയും പുറത്താക്കി. 44 റണ്‍സെടുത്ത ഷോണ്‍ ആണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. ഖ്വാജ 33 റണ്‍സെടുത്തു.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ എട്ടിന് 106 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഋഷഭ് പന്ത് പുറത്തായതോടെ കോഹ്ലി ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ സഹായത്തോടെ പന്തും മായങ്ക് അഗര്‍വാലും പറ്റുന്നത്ര റണ്‍സ് നേടാനുളള ശ്രമത്തിലായിരുന്നു. എന്നാല്‍ പാറ്റ് കുമ്മിന്‍സ് വെറും 27 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയതോടെ ഇന്ത്യ പതറി. എന്നാല്‍ ആദ്യ ഇന്നിങ്‌സിന്റെ ലീഡ് ഇന്ത്യയ്ക്ക് തുണയായി. ആതിഥേയരായ ഓസീസിന് മുന്നില്‍ 399 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയാണ് ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook