റാഞ്ചി: നിർണായകമായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. സെഞ്ചുറി നേടിയ നായകൻ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 82 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുന്ന ഗ്ലെയ്ൻ മാക്സ്‌വെല്ലിന്റെ​ ഇന്നിങ്ങ്സും ഓസ്ട്രേലിയക്ക് കരുത്തായി.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണെന്ന കണക്ക് കൂട്ടലിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാർണറുടേയും റെൻഷോയുടെയും മികവിൽ മികച്ച തുടക്കമാണ് ഓസ്ട്രേലിയ നേടിയത്. എന്നാൽ വാർണറെ വീഴ്ത്തി രവീന്ദർ ജഡേജ ഈ കൂട്ടുകെട്ട് പിരിച്ചു. റെൻഷോയെ വിരാട് കോഹ്‌ലിയുടെ കൈകളിൽ എത്തിച്ച് ഉമേഷ് യാദവ് ഇന്ത്യക്ക് മേൽക്കൈ നൽകി. രണ്ടു റൺസ് എടുത്ത് ഷോൺ മാർഷും, 19 റൺസ് എടുത്ത ഹാൻഡസ്കോംപിനെയും മടക്കി ഇന്ത്യ മേൽക്കൈ നേടുമെന്ന് തോന്നിച്ചു.​ എന്നാൽ മറുവശത്ത് തകർപ്പൻ ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് ഉറച്ചു നിന്നു.

ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഗ്ലെയ്ൻ‌ മാക്സ്‌വെല്ലിനെ കൂട്ടുപിടിച്ച് സ്മിത്ത് സ്കോർ ബോർഡ് ചലിപ്പിച്ചു. പതിയെ തുടങ്ങിയ മാക്സ്‌വെൽ പിന്നീട് ആക്രമണശൈലി പുറത്തെടുത്തു. അശ്വിനെയും രവീന്ദർ ജഡേജയെയും നിലം തൊടാൻ മാക്സ്‌വെൽ അനുവദിച്ചില്ല. ഫീൽഡിങ്ങിനിടെ പരുക്കേറ്റ് വിരാട് കോഹ്‌ലി ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇന്ത്യയെ തളർത്തി. ഉപനായകൻ അജിങ്ക്യ രഹാനെയാണ് പിന്നീട് ഇന്ത്യയെ നയിച്ചത്. പക്ഷേ കരിയറിലെ പത്തൊമ്പതാം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും ആക്രമിച്ചു കളിച്ച മാക്സ്‌വെല്ലും ഓസീസ് സ്കോർ മുന്നൂറിനോട് അടുപ്പിച്ചു.

നാലു മൽസരങ്ങളുളള പരന്പരയിൽ ഇരു ടീമുകളും ഓരോ മൽസരം വിജയിച്ചിട്ടുണ്ട്. റാഞ്ചി ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ