മെല്‍ബണ്‍: നിര്‍ണായകമായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. നിലയുറപ്പിച്ച് കളിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ കളിയില്‍ താളം കണ്ടെത്തുകയാണ്. ഓപ്പണര്‍ ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 66 പന്തുകള്‍ നേരിട്ട് എട്ട് റണ്‍സുമായാണ് വിഹാരി മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 101-1 എന്ന നിലയിലാണ്.

അരങ്ങേറ്റ മത്സരം കളിക്കുന്ന ഓപ്പണർ മായങ്ക് അഗർവാള്‍ അർധ സെഞ്ചുറി പൂർത്തിയാക്കി. 137 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്തു നില്‍ക്കുകയാണ് മായങ്ക്. ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ ഹീറോ ചേതേശ്വര്‍ പൂജാരയും ക്രീസിലുണ്ട്. പൂജാര 80 പന്തുകളില്‍ നിന്നും 31 റണ്‍സെടുത്തിട്ടുണ്ട്. പാറ്റ് കമ്മിന്‍സാണ് വിഹാരിയുടെ വിക്കറ്റെടുത്തത്.

ആദ്യ ടെസ്റ്റില്‍ വിജയവും രണ്ടാം ടെസ്റ്റില്‍ പരാജയവും സ്വന്തമാക്കിയപ്പോള്‍ പരമ്പരയില്‍ ഇന്ത്യ ഓസീസിനൊപ്പമാണ്. മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തുക എന്നത് ഇരുകൂട്ടര്‍ക്കും ഏറെ നിര്‍ണായകമാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നതെങ്കിലും ഇന്ത്യയെ എഴുതിത്തള്ളുക അസാധ്യമാണ്.

കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും തിളങ്ങിയ ബോളിങ് നിര ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം, ജയം സ്വന്തമാക്കണമെങ്കില്‍ പരാജയപ്പെട്ട ബാറ്റിങ് നിര ഉയിര്‍ത്തെഴുന്നേറ്റേ മതിയാവൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook