ക്രിസ്തുമസ് പിറ്റേന്ന് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ സഹ നായകനായി ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തി. ആര്‍ഷി ഷില്ലെര്‍ ആണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയ്ക്കെതിരായി ഇറങ്ങുക. മെയ്ക്ക് എ വിഷ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അപൂര്‍വ്വമായ ഹൃദ്രോഗം ബാധിച്ച ഷില്ലെര്‍ തനിക്ക് ഓസീസ് ക്യാപ്റ്റനാകണമെന്ന് മാതാപിതാക്കളോട് നേരത്തേ പറഞ്ഞിരുന്നു.

മാതാപിതാക്കളാണ് മെയ്ക്ക് എ വിഷ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടത്. ഇവര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ബന്ധപ്പെട്ട് ആറ് വയസുകാരന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ കോച്ചായ ജസ്റ്റിന്‍ ലാങ്ങറാണ് കുട്ടിയെ നേരിട്ട് വിളിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയത് അറിയിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിശീലനത്തില്‍ കുഞ്ഞ് ഷില്ലെറെയും ഉള്‍പ്പെടുത്തിയിരുന്നു.

ഓഫ് സ്പിന്നറായി ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് എടുക്കണം എന്നാണ് ലാങ്കറിനോട് ഷില്ലെര്‍ പറഞ്ഞത്. നഥാന്‍ ലിയോണാണ് തന്റെ ഇഷ്ടപ്പെട്ട താരമെന്നും ഷില്ലെര്‍ പറഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുറത്ത് നടന്ന ഇന്ത്യന്‍ സമ്മര്‍ ഫെസ്റ്റിവലില്‍ വെച്ച് ഓസീസ് ക്യാപ്റ്റന്‍ ടിം പൈന്‍ ഷില്ലെറെ ടീമില്‍ ഉള്‍പ്പെടുത്തിയത് പ്രഖ്യാപിച്ചു. ഡിസംബര് 26നാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ്. ഓരോ മത്സരങ്ങളില്‍ ജയിച്ച് ഇരുടീമുകളും സമനിലയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ