ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ഏകദിനം നാളെ റാഞ്ചിയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. അഞ്ച് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിലും എട്ട് റൺസിനുമായിരുന്നു ഇന്ത്യൻ ജയം. മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ നാട്ടിലാണ് മത്സരമെന്ന പ്രത്യേകതയുമുണ്ട്. ഒരുപക്ഷെ റാഞ്ചിയിൽ ഇന്ത്യൻ കുപ്പായത്തിൽ താരം കളിക്കുന്ന അവസാന മത്സരം കൂടിയാകും നാളത്തേത്.

Also Read: ‘വല്യേട്ടന്റെ വീട്ടിലെ രാത്രി’; ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് വിരുന്നൊരുക്കി ധോണി

അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ധോണിയിലാകും എന്ന കാര്യത്തിൽ സംശയമില്ല. പുതുവർഷത്തിൽ മികച്ച ഫോമിൽ തുടരുന്ന ധോണി നാളെ സ്വന്തം നാട്ടിൽ കത്തി കറുമൊയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയുടെ മികവിൽ ഇന്ത്യ വിജയിക്കുന്നത് കാണാൻ തന്നെയാകും കാണികൾ ഗ്യാലറിയിലേയ്ക്ക് ഒഴുകിയെത്തുക.

Also Read: റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമില്‍ ധവാന് സ്ഥാനമില്ല; വിക്കറ്റ് കീപ്പറായി ധോണി

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ച് ടീമിനെ നിലനിർത്താനാണ് സാധ്യത. എങ്കിലും ഓപ്പണർ ശിഖർ ധവാന്റെ ഫോമില്ലായ്മ ടീമിന് തലവേദനയാണ്. കഴിഞ്ഞ 15 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ശിഖർ ധവന് അർധസെഞ്ചുറി തികയ്ക്കാനായത്. മികച്ച ഫോമിലുള്ള രാഹുലിനെ ആദ്യ ഇലവനിൽ കൊണ്ടുവന്നാൽ ധവാൻ പുറത്താകും.

നാലാം നമ്പരിലുള്ള അമ്പാട്ടി റയിഡുവും അത്ര മികച്ച ഫോമിലല്ല. അമ്പാട്ടി റയിഡുവിനും വില്ലനാവുക രാഹുലായിരിക്കും. ഓപ്പണർമാരുമായി നല്ലകൂട്ടുകെട്ട് സ്ഥാപിക്കാൻ കഴിയുന്ന രാഹുലിനെ മൂന്നാം നമ്പരിൽ കൊണ്ടുവന്ന് നായകൻ കോഹ്‌ലി നാലാം നമ്പരിലും ബാറ്റ് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ലോകകപ്പിന് മുന്നോടിയായി പന്തിനെയും പരീക്ഷിക്കാം. എന്നാൽ അത് അടുത്ത മത്സരങ്ങളിലുമാകാം.

Also Read: ‘ബസ് വേണ്ട ഹമ്മർ മതി’; കേദാറിനെയും പന്തിനെയും കൂട്ടി ധോണിയുടെ റൈഡ്, വീഡിയോ

ബോളിങ്ങിൽ ഇന്ത്യ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മിന്നും ഫോമിലാണ്. ഇരുവരും ലോകകപ്പ് ടീമിലും ഇടം നേടുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ ഏകദിന സ്ക്വാഡിലേയ്ക്ക് തിരിച്ചെത്തുന്ന ഭുവനേശ്വർ കുമാർ നാളെ ഇന്ത്യയ്ക്ക് പന്തെറിയുകയും ഷമിയോ ബുംറയോ പുറത്തിരിക്കുകയോ ചെയ്യും. കുൽദീപ് യാദവ് ഫോമിലാണെങ്കിലും ജഡേജയ്ക്കൊപ്പം ചാഹലിനെ സ്‌പിന്നിൽ പരീക്ഷിച്ചേക്കാം.

Also Read: അവസാന ഓവറുകളിലെ തന്ത്രം; ധോണിയും രോഹിത്തും അറിഞ്ഞിരുന്നുവെന്ന് കോഹ്‌ലിയുടെ വെളിപ്പെടുത്തൽ

മികച്ച ഓൾറൗണ്ടർമാരാണ് ടീമിന്റെ മറ്റൊരു കരുത്ത്. കേദാർ ജാദവും വിജയ് ശങ്കറും ബാറ്റിലും ബോളിലും തിളങ്ങി കഴിഞ്ഞു. ജഡേജയും ഒട്ടും പിന്നിലല്ല. ഹാർദിക് പാണ്ഡ്യ കൂടി മടങ്ങിയെത്തുന്നതോടെ ലോകകപ്പിൽ ഇന്ത്യൻ സെലക്ടർമാർ നന്നായി തലപുകയ്ക്കേണ്ടി വരും.

Also Read: ‘ഒരു സിംഹത്തിന്റെ ഗർജ്ജനം’; ധോണിയുടെ ജീവിതം വെബ് ഡോക്യുമെന്ററിയാക്കി ഹോട്സ്റ്റാർ

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, അമ്പാട്ടി റയിഡു, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, എംഎസ് ധോണി, കേദാർ ജാദവ്, വിജയ് ശങ്കർ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ