ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത് ആർമി ക്യാപ്പണിഞ്ഞ്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ആർമി ക്യാപ് ധരിച്ച് കളിക്കുന്നത്. മുൻ നായകനും ടീമിലെ സീനിയർ താരവുമായ എം.എസ്.ധോണിയാണ് ടീം അംഗങ്ങൾക്ക് സ്‌പെഷ്യൽ ക്യാപ് സമ്മാനിച്ചത്.

ടോസിന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എത്തിയതും സ്‌പെഷ്യൽ ക്യാപ്പണിഞ്ഞായിരുന്നു. ടോസ് ഇട്ടതിനു ശേഷം എന്തുകൊണ്ടാണ് ഈ ക്യാപ് എന്ന മുരളി കാർത്തിക്കിന്റെ ചോദ്യത്തിന് ഇന്ത്യൻ നായകന്റെ മറുപടി ഇങ്ങനെ “ഇതൊരു സ്‌പെഷ്യൽ ക്യാപാണ്. ഇന്ത്യൻ സുരക്ഷാ സേനയ്ക്കുള്ള ആദരമാണിത്”

അവിടെ കൊണ്ടും അവസാനിക്കുന്നില്ല. ഇന്ത്യൻ ടീം അംഗങ്ങളെല്ലാവരും അവരുടെ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ധീരജവാന്മാരുടെ കുടുംബത്തിന് നൽകുമെന്നും കോഹ്‌ലി വ്യക്തമാക്കി. ഇത്തരത്തിൽ ചെറിയ സംഭവനകൾ ഓരോരുത്തരും നാഷണൽ ഡിഫൻസ് ഫണ്ടിലേയ്ക്ക് നൽകണമെന്നും കോഹ്‌ലി ആഹ്വാനം ചെയ്തു.

നേരത്തെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരം ആരംഭിക്കുന്നതിന് മുമ്പും കളിക്കാർ വീര സൈനികരുടെ സ്മരണയ്ക്ക് മുന്നിൽ ആദരമർപ്പിച്ചിരുന്നു. ദേശീയ ഗാനത്തിന് ശേഷം മിനിറ്റുകളോളം സൈനികരെ ആദരിച്ച് സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്നു. മത്സരത്തിൽ കറുത്ത ആം പാഡും അണിഞ്ഞാണ് താരങ്ങൾ ഇറങ്ങിയതും.

ഫെബ്രുവരി 14ന് ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം. ഒരു മലയാളി ഉൾപ്പടെ 40 സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടമായത്. വയനാട് സ്വദേശി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook