കാൻബെറ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇതോടെ 2-1 എന്ന നിലയിൽ അവസാനിച്ചു. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ആതിഥേയരായ ഓസ്ട്രേലിയക്കായിരുന്നു ജയം. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഓസീസിന് വേണ്ടി അതിവേഗ സെഞ്ചുറി തികച്ച സ്റ്റീവ് സ്മിത്താണ് പരമ്പരയിലെ താരം.
മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 302 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 49.3 ഓവറിൽ 289 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു.
അവസാനം വരെ പോരാടിയ ശേഷമാണ് ഓസീസ് തോൽവി സമ്മതിച്ചത്. ടീം ടോട്ടൽ 268 റൺസിൽ നിൽക്കെ ഗ്ലെൻ മാക്സ്വെല്ലിനെ പുറത്താക്കാൻ സാധിച്ചതാണ് ഇന്ത്യയ്ക്ക് രക്ഷയായത്. വെറും 38 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമായി 59 റൺസ് നേടിയ ശേഷമാണ് മാക്സ്വെൽ പുറത്തായത്. മാക്സ്വെല്ലിന്റെ വിക്കറ്റ് വീണതോടെ കളി ഇന്ത്യയുടെ വരുതിയിലായി.
നായകൻ ആരോൺ ഫിഞ്ച് 82 പന്തിൽ നിന്ന് 75 റൺസ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഓസീസിനെ രക്ഷിക്കാനായില്ല. അലക്സ് കാരി 42 പന്തിൽ നിന്ന് 38 റൺസും ആഷ്ടൺ ആഗർ 28 പന്തിൽ നിന്നും 28 റൺസും മോയ്സസ് ഹെൻറികസ് 31 പന്തിൽ നിന്ന് 22 റൺസും നേടി പൊരുതി നോക്കി.
ഇന്ത്യയ്ക്ക് വേണ്ടി ശർദുൽ താക്കൂർ മൂന്ന് വിക്കറ്റ് നേടി. പത്ത് ഓവറിൽ 51 റൺസ് വഴങ്ങിയാണ് ശർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും ശർദുൽ കളിച്ചില്ല. മൊഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ശർദുൽ താക്കൂറിന് ഇന്ന് കളത്തിലിറങ്ങാൻ സാധിച്ചത്. തനിക്ക് ലഭിച്ച അവസരം താക്കൂർ കൃത്യമായി ഉപയോഗപ്പെടുത്തി.

ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ടി.നടരാജൻ പത്ത് ഓവറിൽ 70 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ട് മത്സരങ്ങളിൽ നിറം മങ്ങിയ ജസ്പ്രീത് ബുംറ 9.3 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മികച്ച ഫോമിലായിരുന്ന മാക്സ്വെല്ലിനെ പുറത്താക്കിയത് ബുംറയാണ്. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ്. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. 152/5 എന്ന നിലയിൽ പരുങ്ങുകയായിരുന്ന ഇന്ത്യൻ സ്കോർ ബോർഡിനെ ഇരുവരും ചേർന്ന് 302 ലേക്ക് എത്തിച്ചു. 33-ാം ഓവറിലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരും ഒരുമിച്ച് ആറാം വിക്കറ്റിൽ 150 റൺസാണ് ഇന്ത്യൻ സ്കോർഡ് ബോർഡിലേക്ക് സമ്മാനിച്ചത്. ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇത്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടും ഇത് തന്നെ.
ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ടുക്കെട്ടിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇത് ഇടംപിടിച്ചത്. 2015 ൽ സിംബാവെക്കെതിരെ അമ്പാട്ടി റായിഡു, സ്റ്റുവർട്ട് ബിന്നി എന്നിവർ ചേർന്ന് ആറാം വിക്കറ്റിൽ 160 റൺസ് നേടിയതാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2005 ൽ എം.എസ്.ധോണിയും യുവരാജ് സിങ്ങും ചേർന്ന് സിംബാവെക്കെതിരെ നേടിയ 158 റൺസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഹാർദിക് പാണ്ഡ്യ 76 പന്തിൽ നിന്ന് 92 റൺസ് നേടി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് പാണ്ഡ്യ 92 റൺസ് നേടിയത്. ആദ്യ ഏകദിനത്തിൽ പാണ്ഡ്യ 90 റൺസ് നേടിയാണ് പുറത്തായത്. ഏകദിനത്തിലെ ആദ്യ സെഞ്ചുറി നേട്ടത്തിന് പാണ്ഡ്യക്ക് ഇനിയും കാത്തിരിക്കണം.

രവീന്ദ്ര ജഡേജ 50 പന്തിൽ നിന്ന് 66 റൺസ് നേടി പുറത്താകാതെ നിന്നു. അഞ്ച് ഫോറും മൂന്ന് സിക്സും ജഡേജയുടെ ബാറ്റിൽ നിന്ന് പിറന്നു. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്നിങ്സ് ആയിരുന്നു ജഡേജയുടേത്. എന്നാൽ, അവസാന ഓവറുകളിലേക്ക് കളി എത്തിയപ്പോൾ ജഡേജയുടെ ബാറ്റിൽ നിന്ന് തുടർച്ചയായി ഫോറും സിക്സും പിറന്നു.

നായകൻ വിരാട് കോഹ്ലി 78 പന്തിൽ നിന്ന് 63 റൺസ് നേടി. അഞ്ച് ഫോർ സഹിതമാണ് കോഹ്ലി 63 റൺസ് നേടിയത്. ഏകദിനത്തിൽ അതിവേഗം 12,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. ഇന്നത്തെ മത്സരത്തിൽ 23 റൺസ് നേടിയപ്പോഴാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ 12,000 റൺസിൽ ഇടംപിടിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. വെറും 242 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 12,000 റൺസ് നേടിയത്. സച്ചിൻ 12,000 റൺസ് നേടിയത് 300 ഇന്നിങ്സുകളിൽ നിന്നാണ്. ഏകദിനത്തിൽ 12,000 റൺസ് നേടുന്ന ആറാമത്തെ താരമാണ് കോഹ്ലി. സച്ചിൻ ടെൻഡുൽക്കർ, റിക്കി പോണ്ടിങ്, കുമാർ സംഗക്കാര, സനത് ജയസൂര്യ, മഹേള ജയവർധനെ എന്നിവരാണ് കോഹ്ലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.

ടോസ് ജയിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 26 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ നിന്ന് നേടിയത് 16 റൺസ് മാത്രം. ശുഭ്മാൻ ഗിൽ 39 പന്തിൽ നിന്ന് 33 റൺസും ശ്രേയസ് അയ്യർ 21 പന്തിൽ നിന്ന് 19 റൺസും നേടി പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ.രാഹുലിന് നേടാനായത് വെറും അഞ്ച് റൺസ് മാത്രം.
ഓസീസിനുവേണ്ടി ആഷ്ടൺ അഗർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹെയ്സൽവുഡ്, എബോട്ട്, സാംപ എന്നിവർ ഓരോ വിക്കറ്റ് നേടി.