സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ 407 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. ഒരു സമയത്ത് അനായാസം ജയിക്കുമെന്ന് തോന്നിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന റിഷഭ് പന്ത്, ചേതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ ട്രാക്ക് മാറ്റി. ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ അതിവേഗം ഓൾഔട്ട് ആകാൻ സാധിക്കുമെന്ന് വിശ്വാസത്തോടെയാണ് ഓസീസ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. എന്നാൽ, ഓസീസിനെ പൂർണമായും നിരാശപ്പെടുത്തുന്ന രീതിയിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്.

Image

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് അഞ്ചാം ദിനം ഇന്ത്യയ്‌ക്ക് തുണയായത്. പന്ത് 118 പന്തിൽ 97 റൺസ് നേടിയാണ് പുറത്തായത്. ചുരുങ്ങിയത് സമനിലയെങ്കിലും ആയാൽ മതിയെന്ന് പ്രതീക്ഷിച്ച കളിയെ പൂർണമായി മാറ്റിമറിച്ച ഇന്നിങ്സായിരുന്നു പന്തിന്റേത്. വിദൂരമെന്ന് തോന്നിയ സമനില സാധ്യതയിൽ നിന്ന് ഇന്ത്യ വിജയിക്കാൻ സാധ്യതയുണ്ടെന്ന ആത്മവിശ്വാസം നൽകാൻ പന്തിന് സാധിച്ചു. ജയിക്കണമെന്ന് മനസിൽ ഉറപ്പിച്ചാണ് പന്ത് ഓസീസ് ബൗളർമാരെ നേരിട്ടത്. 12 ഫോറുകളും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു പന്തിന്റെ കിടിലൻ ഇന്നിങ്സ്.

പന്തിന്റെ ശരീരഭാഷയും ആത്മവിശ്വാസവും എതിർവശത്ത് നിൽക്കുകയായിരുന്ന പുജാരയെ വരെ സ്വാധീനിച്ചു. ഡിഫെൻസീവ് ആയി കളിച്ചിരുന്ന പുജാര അറ്റാക്കിങ് ശൈലിയിലേക്ക് മാറിയതിൽ പന്തിന്റെ സ്വാധീനം വളരെ വലുതാണ്. ഇരുവരും ചേർന്ന് 148 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. സ്‌കോറിങ് വേഗത്തിലാക്കാൻ ശ്രമിച്ചാണ് അർഹിക്കുന്ന സെഞ്ചുറിക്ക് തൊട്ടരികെ പന്തിന് വിക്കറ്റ് നഷ്ടമായത്.

Image

റിഷഭ് പന്തും ചേതേശ്വർ പൂജാരയും ബാറ്റിങ്ങിനിടെ

ചേതേശ്വർ പുജാര 77 റൺസെടുത്താണ് പുറത്തായത്. പതിഞ്ഞ താളത്തിൽ ബാറ്റ് വീശുകയായിരുന്ന പുജാര 40 റൺസിന് ശേഷം അതിവേഗം റൺസ് കണ്ടെത്തിയത് ഇന്ത്യയുടെ സമ്മർദം കുറച്ചു. 12 ഫോറുകൾ സഹിതമാണ് പൂജാര 77 റൺസ് നേടിയത്.

ഇരുവരും പുറത്തായതോടെ ഇന്ത്യ പൂർണമായി ഡിഫെൻസീവ് ക്രിക്കറ്റിലേക്ക് മാറി. കളി സമനിലയാക്കുക എന്നത് മാത്രമായിരുന്നു പിന്നീട് ഇന്ത്യയുടെ ലക്ഷ്യം. കെെവിരലിനു ഗുരുതര പരുക്കുള്ള രവീന്ദ്ര ജഡേജയെ ബാറ്റിങ്ങിന് ഇറക്കാതിരിക്കാൻ ക്രീസിലുണ്ടായിരുന്ന ആർ.അശ്വിനും ഹനുമ വിഹാരിയും പരിശ്രമിച്ചു. ഇത് ഓസീസ് ബൗളർമാരുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. 161 പന്തുകൾ നേരിട്ട ഹനുമ വിഹാരി നേടിയത് 23 റൺസ്. 128 പന്തുകൾ നേടിയ അശ്വിൻ 39 റൺസും നേടി.

സ്‌കോർബോർഡ്

ഒന്നാം ഇന്നിങ്സ്

ഓസ്‌ട്രേലിയ : 338-10

ഇന്ത്യ : 244-10

ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്സിൽ 94 റൺസ് ലീഡ്

രണ്ടാം ഇന്നിങ്സ്

ഓസ്ട്രേലിയ : 312-6 ( ഡിക്ലയർ )

ഇന്ത്യ : 334 – 5

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം കളി ആരംഭിച്ചത്. തുടക്കത്തിൽ തന്നെ നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. വെറും നാല് റൺസ് മാത്രമായിരുന്നു രഹാനെയുടെ സമ്പാദ്യം. രഹാനെയുടെ വിക്കറ്റിന് ശേഷം പുജാരയ്ക്കൊപ്പം പന്ത് ചേർന്നതോടെ കളി പതുക്കെ ഇന്ത്യയുടെ വരുതിയിലായി.

ഒന്നാം ഇന്നിങ്സിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്‌മിത്ത് സെഞ്ചുറി നേടിയിരുന്നു. 131 റൺസെടുത്ത സ്‌മിത്തിന് പുറമേ ലാബുഷെയ്‌ൻ 91 റൺസും വിൽ പുകോവസ്കി 62 റൺസും നേടിയിരുന്നു.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പുജാര എന്നിവർ അർധ സെഞ്ചുറി നേടി. രണ്ടാം ഇന്നിങ്സിൽ 97 റൺസെടുത്ത പന്ത് ഒന്നാം ഇന്നിങ്സിൽ 36 റൺസ് നേടിയിരുന്നു.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്. നാലാം ടെസ്റ്റ് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ, ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി 20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook