സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും. എന്നാൽ, ആദ്യ രണ്ട് മത്സരങ്ങളിലെ പോലെ ചെറിയ സ്‌കോറിൽ ഒതുങ്ങിയാൽ സഞ്ജുവിന് തിരിച്ചടിയാകും. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന്റെ ഗതി നിർണയിക്കാൻ പോലും സാധ്യതയുള്ള മത്സരമാണ് ഓസീസിനെതിരായ മൂന്നാം ടി 20 മത്സരം.

ആദ്യ ടി 20 യിൽ സഞ്ജുവിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടു. ഓസീസിനെതിരായ ആദ്യ ടി 20 യിൽ 15 പന്തിൽ നിന്നാണ് സഞ്ജു 23 റൺസ് നേടിയത്. ടീമിലെ മൂന്നാമത്തെ ടോപ് സ്‌കോറർ സഞ്ജുവാണ്. ഒരു ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സഞ്ജു 23 റൺസ് നേടിയത്. കാൻബറെയിൽ നടന്ന ആദ്യ ടി 20 മത്സരത്തിൽ ഓസീസ് താരം സ്റ്റീവ് സ്‌മിത്തിനെ കിടിലൻ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ബാറ്റിങ്ങിൽ താളം കണ്ടെത്തിയതും മികച്ച ഫീൽഡിങ്ങും സഞ്ജുവിനെ രണ്ടാം ടി 20 യിലും നിലനിർത്താൻ കാരണമായി.

Read Also: പൂർണമായും സ്വർണത്തിൽ തീർത്ത പ്രതിമ; മറഡോണയ്ക്ക് മ്യൂസിയം ഒരുക്കാൻ ബോബി ചെമ്മണ്ണൂർ

എന്നാൽ, രണ്ടാം ടി 20 യിലെ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. തുടക്കത്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിച്ചു. ഓസ്‌ട്രേലിയ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന ഇന്ത്യയ്‌ക്ക് വേണ്ടി പത്ത് പന്തിൽ നിന്ന് 15 റൺസാണ് സഞ്ജു നേടിയത്. ഒരു സിക്‌സും ഒരു ഫോറും സഹിതമാണ് ഇത്. റൺറേറ്റ് ഉയർത്തേണ്ട സാഹചര്യത്തിൽ സഞ്ജു നേടിയ സിക്‌സും ഫോറും ഏറെ നിർണായകമായിരുന്നു. കൂടുതൽ ആക്രമിച്ച് കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രേയസ് അയ്യറിന് മുൻപ് സഞ്ജുവിനെ കളത്തിലിറക്കിയും. തുടക്കത്തിൽ കാണിച്ച ആക്രമണ മനോഭാവം സഞ്ജു തുടർന്നിരുന്നെങ്കിൽ മത്സരം അതിവേഗം ഇന്ത്യയുടെ വരുതിയിലാകുമെന്ന് തോന്നിയ നിമിഷത്തിലാണ് മലയാളി താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അതിവേഗം റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായതെങ്കിലും അതൊരു മോശം ഷോട്ടായിരുന്നു എന്ന് വിമർശനവും ഉയർന്നിരുന്നു. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത് എന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

അതേസമയം, ടി 20 ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കുകയാണ് വിരാട് കോഹ്‌ലിയും പരിശീലകൻ രവി​ ശാസ്‌ത്രിയും ലക്ഷ്യമിടുന്നത്. ആക്രമിച്ച് കളിക്കാനുള്ള മനോഭാവമുള്ള സഞ്ജുവിനെ പോലൊരു താരം ഇന്ത്യയ്‌ക്ക് മധ്യനിരയിൽ അത്യാവശ്യമാണ്. എന്നാൽ, ആ സ്ഥാനം താൻ നൂറ് ശതമാനം അർഹിക്കുന്നുണ്ടെന്ന് ടീം സെലക്‌ടേഴ്‌സിനെ ബോധ്യപ്പെടുത്താൻ ഒരു മികച്ച ഇന്നിങ്‌സ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറക്കണം. അതിനുള്ള അവസരമാണ് ഇപ്പോൾ സഞ്ജുവിനുള്ളത്. മനീഷ് പാണ്ഡെ പുറത്തിരിക്കാനുള്ള സാധ്യത കൂടുതലായതിനാൽ മൂന്നാം ടി 20 യിലും സഞ്ജുവിന് കളിക്കാൻ സാധിക്കും. എന്നാൽ, ഒരു മികച്ച ഇന്നിങ്സ് കൊണ്ട് ആ അവസരം തന്റേതാക്കാൻ സഞ്ജുവിന് സാധിക്കേണ്ടിയിരിക്കുന്നു. മികച്ച പ്രകടനം പുറത്തെടുത്താൻ തീർച്ചയായും ടി 20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന് ഇടംപിടിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook